Last Modified വ്യാഴം, 9 മെയ് 2019 (07:40 IST)
കോണ്ഗ്രസ് പാർട്ടി തന്റെ അമ്മയെ അധിക്ഷേപിച്ചെന്നും അച്ഛനാരാണെന്നു ചോദിച്ചെന്നും പരാതിയും പരിഭവവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ പ്രധാനമന്ത്രി മോദി അധിക്ഷേപിച്ചതിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തെത്തിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ജനങ്ങൾക്ക് മുൻപിൽ തന്റെ പരാതിയുടെ കെട്ടഴിച്ചത്. തനിക്കെതിരെ ഇതുവരെ 20 പദപ്രയോഗങ്ങളാണ് കോൺഗ്രസ് നേതാക്കൾ നടത്തിയതെന്നും മോദി തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.
‘എന്റെ അമ്മയെ കുറിച്ച് അവർ അസഭ്യം പറയുകയും എന്റെ അച്ഛൻ ആരാണെന്ന് ചോദിക്കുകയും ചെയ്തു. നിങ്ങൾ, ജനങ്ങൾ ഓർക്കണം, ഞാൻ പ്രധാനമന്ത്രി ആയതിന് ശേഷമാണ് കോൺഗ്രസ് ഇത് പറയുന്നത് എന്നെ അസഭ്യം പറഞ്ഞ് അവർ അവരുടെ മാന്യത പിച്ചിച്ചീന്തി. കോണ്ഗ്രസ് പാർട്ടിയുടെ അധ്യക്ഷനെ ഇപ്പോൾ ആരും മുഖവിലയ്ക്കെടുക്കുന്നില്ല’ മോദി പറഞ്ഞു.
മുൻപ് കുപ്രസിദ്ധമായ സോണിയ ഗാന്ധിയുടെ ‘മരണത്തിന്റെ വ്യാപാരി’ പരാമർശം ഉൾപ്പെടെ കോണ്ഗ്രസ് നേതാക്കൾ തനിക്കെതിരേ നടത്തിയ പ്രയോഗങ്ങളും മോദി ജനങ്ങൾക്ക് മുൻപിൽ വിശദമാക്കി. തന്നെ കൊലചെയ്യുമെന്ന് പറഞ്ഞു നടക്കുന്ന ആളുകളെയാണ് കോണ്ഗ്രസ് പിന്തുണയ്ക്കുന്നതെന്നും അവർക്ക് കോണ്ഗ്രസ് പാർട്ടി ടിക്കറ്റ് നൽകിയെന്നും മോദി കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ ആരും അവരെ ചോദ്യം ചെയ്യുന്നില്ല എന്നതാണ് ഈ വലിയ രാജ്യത്തെ ജനാധിപത്യത്തിന്റെ രസമെന്നും മോദി പറഞ്ഞു.
രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരനായാണ് മരിച്ചതെന്ന മോദിയുടെ പരാമര്‍ശം കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാക്കന്മാരിൽ ഉൾപ്പെടെ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. മോദിയുടെ ഈ വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകിയിട്ടുണ്ട്.