അഭിറാം മനോഹർ|
Last Modified ബുധന്‍, 6 സെപ്‌റ്റംബര്‍ 2023 (19:48 IST)
ഉദയനിധി സ്റ്റാലിന്‍ തുടങ്ങിവെച്ച സനാതന വിവാദത്തില്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ കനത്ത മറുപടി നല്‍കണമെന്ന് കേന്ദ്രമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. വസ്തുതകള്‍ നിരത്തിവെച്ച് സനാതന ധര്‍മ്മത്തിനെതിരായ പ്രചാരണങ്ങളെ ചെറുക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചരിത്രത്തീലേക്ക് പോകേണ്ടതില്ല. ഭരണഘടന പ്രകാരമുള്ള വസ്തുതകളില്‍ ഉറച്ചുനില്‍ക്കുക. വിഷയത്തിലെ നിലവിലെ സ്ഥിതിയെ പറ്റി സംസാരിക്കുക. പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ഇന്ത്യയുടെ പേര് ഭാരത് എന്നാക്കുന്നുവെന്ന പ്രചാരണങ്ങളോട് ബന്ധപ്പെട്ട വിവാദങ്ങളില്‍ മന്ത്രിമാര്‍ മറുപടി നല്‍കേണ്ടതില്ലെന്നും ഇതില്‍ ഉത്തരവാദപ്പെട്ടവര്‍ മാത്രമെ പ്രതികരിക്കേണ്ടതുള്ളുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട പരാമര്‍ശം രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ 'ഇന്ത്യ'യിലും ഭിന്നത സൃഷ്ടിച്ചിട്ടുണ്ട്. മമത ബാനര്‍ജിയടക്കം ഉദയനിധി സ്റ്റാലിനെ തള്ളികളഞ്ഞപ്പോള്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായ ശിവസേന വിഭാഗവും ഉദയനിധിക്കെതിരെ രംഗത്തെത്തി. രാജ്യത്തിന്റെ അടിസ്ഥാനം സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ടാണിരിക്കുന്നതെന്ന് ശിവസേന ഉദ്ദവ് വിഭാഗം നേതാവ് പ്രിയങ്ക ചതുര്‍വേദി വ്യക്തമാക്കി.