അഭിറാം മനോഹർ|
Last Modified വെള്ളി, 22 ഏപ്രില്‍ 2022 (17:41 IST)
ഹലാൽ സർട്ടിഫൈഡ് ഉത്‌പന്നങ്ങൾ രാജ്യവ്യാപകമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അഭിഭാഷകന്‍ വിഭോര്‍ ആനന്ദ് ആണ് ഹര്‍ജി ഫയല്‍ ചെയ്തത്.
രാജ്യത്തെ 85% ജനങ്ങൾക്കായാണ് സുപ്രീം കോടതിയെ സമീപിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. രാജ്യത്ത് പതിനഞ്ച് ശതമാനം വരുന്ന മുസ്ലിങ്ങള്‍ക്ക് വേണ്ടിയുള്ള ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉത്പന്നങ്ങള്‍ 85 ശതമാനം ജനങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നാണ് ഹർജിയിലെ ആരോപണം.
1974 മുതല്‍ 1993 വരെ മാംസ ഉത്പന്നങ്ങള്‍ക്ക് മാത്രമായിരുന്നു ഹലാല്‍ സര്‍ട്ടിഫിക്കറ്റ്. എന്നാല്‍ ഇന്ന് ടൂറിസം, മെഡിക്കല്‍ ടൂറിസം, മാധ്യമങ്ങള്‍ തുടങ്ങിയ മേഖലകളിലേക്ക് ഇത് വ്യാപിച്ചതായി ഹർജിയിൽ പറയുന്നു. 1974 ന് നല്‍കിയിട്ടുള്ള ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അസാധുവായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബഹുരാഷ്ട്ര കമ്പനികളോട് ഹലാൽ സർട്ടിഫൈഡ് ഉത്‌പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർദേശിക്കണമെന്നും ഹർജിയിൽ പറയുന്നു.