ന്യൂഡല്‍ഹി|
vishnu|
Last Modified ബുധന്‍, 18 ഫെബ്രുവരി 2015 (18:41 IST)
അതിര്‍ത്തിയില്‍ ഉറക്കമൊഴിച്ച് ജീവന് പണയം വച്ച് നാടിനെ രക്ഷിക്കുന്ന സൈനികരുടെ ഏറെനാളത്തെ ആവശ്യത്തിന് മോഡി സര്‍ക്കാരിന്റെ പച്ചക്കൊടി. സൈനികര്‍ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്ന വണ്‍ റാങ്ക്, വണ്‍ പെന്ഷന് പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്നത്.
അതിര്‍ത്തികാക്കുന്ന സൈനികര്‍ക്ക് ആദരവൊരുക്കുന്ന മോഡിയുടെ നടപടിയില്‍ 25 ലക്ഷം ഇന്ത്യന്‍ പട്ടാളക്കാര്‍ക്കാണ് ഗുണമുണ്ടാകാന്‍ പോകുന്നത്.
അടുത്ത ബജറ്റ് സമ്മേളനത്തില്‍ പദ്ധതിയുടെ പ്രഖ്യാപനമുണ്ടാകും. പദ്ധതിക്കായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും അംഗീകാരം നല്‍കിക്കഴിഞ്ഞു. ബജറ്റില്‍ പാസാക്കിയാലുടന്‍ ഈ പരിഷ്കാരം വൈകാതെ പ്രാബല്യത്തില്‍ വരും. മറ്റ് പെന്‍ഷനുകളില്‍ നിന്നും മിലിട്ടറി പെന്‍ഷനെ പ്രത്യേക കാറ്റഗറിയായാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. 25 ലക്ഷം വിമുക്തഭടന്മാര്ക്ക് പ്രയോജനപ്പെടുന്ന പ്രസ്തുത പദ്ധതിക്കായി 8000 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
ഒരേ റാങ്കില്‍ ഒരേ കാലദൈര്‍ഘ്യത്തില്‍ ജോലി ചെയ്തവര്‍ക്കെല്ലാം തുല്യ പെന്ഷന് നടപ്പിലാക്കുന്ന രീതിയാണിത്. അടിസ്ഥാനപരമായി ഒആര്‍ഒപി ഒരു ഏകീകൃതമായ പെന്‍ഷനാണ്. റിട്ടയര്‍ ചെയ്ത തിയതി ഇതില്‍ പരിഗണിക്കുന്നില്ല. കര നാവിക വ്യോമസേനയിലുള്ളവര് ഭൂരിഭാഗവും 34 വയസ്സാകുമ്പോഴേക്കും പെന്ഷനാകുന്നുണ്ടെന്നും മറ്റുള്ളവ സിവിലിയന്‍ ജീവനക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സൈനികര്‍ക്ക് 'അബോര്‍ട്ടഡ് ' പെന്‍ഷനാണ് ലഭിക്കുന്നതെന്നും സര്‍ക്കാര്‍ പറയുന്നു.
അധികാരം ലഭിക്കുമ്പോള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രത്തില്‍ സര്‍ക്കാരുകള്‍ മാറിമാറി വന്നു എങ്കിലും ഇത്തവണ മോഡി സര്‍ക്കാര്‍ അത് നടപ്പിലാക്കുകയായിരുന്നു.
ഈ പദ്ധതി നടപ്പിലാക്കുമ്പോള്‍ സാമ്പത്തികമായും ഭരണപരമായും പല പ്രയാസങ്ങളുമുണ്ടാകുമെന്നായിരുന്നു മുന്‍ സര്‍ക്കാരുകള്‍ വാദിച്ചിരുന്നത്. നടപ്പിലാക്കിയാല്‍ പാരാമിലിട്ടറിയിലുള്ളവരും ഇതേ ആവശ്യം ഉന്നയിക്കുമെന്നായിരുന്നു മുന്‍ സര്‍ക്കാരുകള്‍ തടസവാദം പറഞ്ഞിരുന്നത്. മുന്‍ യുപിഎ സര്‍ക്കാര്‍ ഒആര്പിഒപി നടപ്പിലാക്കാന്‍ തീരുമാനിക്കുകയും 500 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ പിന്നീട് അന്നത്തെ സര്‍ക്കാര്‍ പിന്തുടരാതിരുന്നത് പദ്ധതി മരവിക്കാന്‍ കാരണമായി.