പാർലമെന്റ് യുദ്ധക്കളമായി; പുരോഗതിക്ക് മുന്‍തൂക്കം നല്‍കണം- രാഷ്ട്രപതി

 പാർലമെന്റ് , രാഷ്ട്രപതി  , പ്രണബ് മുഖര്‍ജി , സ്വാതന്ത്ര്യദിന സന്ദേശം
ന്യൂഡൽഹി| jibin| Last Updated: വെള്ളി, 14 ഓഗസ്റ്റ് 2015 (21:10 IST)
ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് സംഘര്‍ഷഭൂമിയാക്കരുതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാജ്യത്തെ നിയമനിർമാണ സ്ഥാപനങ്ങൾ സമ്മർദ്ദത്തിലാണ്. ക്രിയാത്മകമായ സംവാദത്തിനാണ് എംപിമാര്‍ തയാറാകേണ്ടത്. രാഷ്ട്ര പുരോഗതിക്കാണ് മുന്‍തൂക്കം നല്‍കേണ്ടത്. അതിന് തയാറാകാതെ തമ്മില്‍ പോരടിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്നും രാഷ്ട്രപതി തന്റെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.

രാജ്യത്തെ നിയമനിർമാണ സ്ഥാപനങ്ങൾ സമ്മർദ്ദത്തിലാണ്. മതേതരത്വവും വൈവിധ്യവും തകർക്കാനുള്ള ശ്രമങ്ങൾ നമ്മള്‍ ചെറുക്കണം. ജനങ്ങളും രാഷ്ട്രീയ പാർട്ടികളും മാറി ചിന്തിക്കാനുള്ള സമയമായി. വ്യത്യസ്തതയാല്‍ സമ്പന്നമാണു നമ്മുടെ ജനാധിപത്യമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെ വളര്‍ത്തിയെടുക്കേണ്ടതു സഹിഷ്ണുത കൊണ്ടാണെന്നും രാഷ്ട്രപതി സന്ദേശത്തില്‍ പറയുന്നു. തീവ്രവാദത്തോട് ഒരു വിട്ടു വീഴ്ചയുമില്ല. ഭീകരർക്ക് മതമില്ല. അവർക്ക് അക്രമത്തിന്റെ ഭാഷ മാത്രമേയുള്ളു. ശത്രുതാപരമായ പ്രവർത്തനങ്ങൾ തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്ന് ഇന്ത്യയുടെ അയൽരാജ്യങ്ങൾ ഉറപ്പുവരുത്തണം. രാജ്യത്ത് നുഴഞ്ഞു കയറാനുള്ള ശ്രമം ശക്തമായ മറുപടിയിലൂടെയായിരിക്കും ഇന്ത്യ നൽകുക. സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കായി രക്തസാക്ഷിത്വം വരിച്ചവർക്ക് ആദരാഞ്ജലികൾ. പുറം ശക്തികളിൽ നിന്നും രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ തയാറായ അവരുടെ ധൈര്യത്തിനു മുന്നിൽ താൻ സല്യൂട്ട് ചെയ്യുന്നതായും പ്രണബ് മുഖർജി പറഞ്ഞു.

യുക്തിഭദ്രവും പുരോഗമനപരവുമായൊരു ഭരണഘടന നമുക്കുണ്ടെന്നുള്ളത് ഒരു അനുഗ്രഹമാണ്. അതിനെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുകമാത്രമാണ് നമ്മള്‍ ചെയ്യേണ്ടത്. സാമ്പത്തിക വികസന പരിപാടികൾ പട്ടിണി മാറ്റാനായിരിക്കണം. രാജ്യത്തിന്റെ വളർച്ച പാവപ്പെട്ടവരുടെ ഉന്നമനത്തെയും ലക്ഷ്യമിട്ടായിരിക്കണം. രാജ്യത്തിന്റെ പഴയ ആദർശവാദങ്ങളെ മറക്കുന്നത് ഭാവിയെ ദോഷകരമായി ബാധിക്കും. സമാധാനം, സൗഹൃദം, സഹകരണം എന്നിവയാണ് ഒരു രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും ബന്ധിപ്പിച്ചു നിർത്തുന്നത്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്നും രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശത്തിൽ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :