പാര്‍ലമെന്റ് സ്തംഭനം; ജനപ്രതിനിധികള്‍ പാഴാക്കുന്നത് രാജ്യത്തിന്റെ 260 കോടി രൂപ!

ന്യൂഡൽഹി| VISHNU N L| Last Modified ശനി, 25 ജൂലൈ 2015 (12:28 IST)
ലളിത് മോഡി, വ്യാപം കേസുകളില്‍ കേന്ദ്രസര്‍ക്കിരെതിരെ പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ പൊതു ഖജനാവിന് നഷ്ടമാകാന്‍ പോകുന്നത്
260 കോടി രൂപയാകുമെന്ന് കണക്കുകള്‍. ആരോപണ വിധേയരായ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും രണ്ടു ബിജെപി മുഖ്യമന്ത്രിമാരും രാജിവയ്ക്കുവരെ പാർലമെന്റ് സ്തംഭിപ്പിക്കുമെന്ന് കോൺഗ്രസും രാജിയില്ലെന്ന് ബിജെപി നേതൃത്വം നൽകുന്ന ഭരണമുന്നണിയും നിലപാടെടുത്തതോടെ പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം അലങ്കോലമാകുമെന്നുറപ്പായി.

15 ദിവസമാണ് സമ്മേളനം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ലോക്സഭ സമ്മേളനം തടസപ്പെടുന്നതിലൂടെ 162 കോടി രൂപയുടെ നഷ്ടം സംഭവിക്കുമ്പോൾ രാജ്യസഭാ സമ്മേളനം അലങ്കോലമാകുന്നതുവഴി 98 കോടി രൂപയുടെ നഷ്ടമാണുണ്ടാവുക. മഴക്കാല സമ്മേളനത്തിന്റെ തുടർച്ചയായ നാലാം ദിവസമായ ഇന്നലെ പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റ് നടപടികൾ സ്തംഭിച്ചിരുന്നു. തുടർന്ന് തിങ്കളാഴ്ച വരെ സഭ പിരിയുകയായിരുന്നു.

ഒരു മണിക്കൂർ ലോക്സഭാ സമ്മേളിക്കുമ്പോൾ ഖജനാവിൽ നിന്ന് ചെലവാകുന്നത് 1.5 കോടി രൂപയും രാജ്യസഭയ്ക്ക് 1.1 കോടി രൂപയുമാണ്. പാർലമെന്റിന്റെ മഴക്കാല സമ്മേളനം ആരംഭിച്ച ആകെ നാല്‍ ദിവസത്തിലെയും 91 ശതമാനവും സഭാ നടപടികള്‍ സ്തംഭിച്ചു. പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിരുന്ന 11 ബില്ലുകളാണ് ബഹളം മൂലം തീരുമാനമാകാതെ കിടക്കുന്നത്. പുതുതായി അവതരിപ്പിക്കേണ്ടിയിരുന്ന ഒൻപത് ബില്ലുകളുടെ അവസ്ഥയും വ്യത്യസ്തമല്ല.

വോട്ട് ചെയ്ത് ജയിപ്പിച്ച ജനപ്രതിനിധികള്‍ മികുതി ദായകന്റെ പണം ദൂര്‍ത്തടിക്കുന്നതിനു തുല്യമാണ് ഇങ്ങനെ സഭാ സമ്മേളനം പാഴാക്കുന്നത്. ജനങ്ങള്‍ക്ക് പാര്‍ലമെന്റിലും ജനാധിപത്യത്തിലും വിശ്വാസം നഷ്ടപ്പെടാന്‍ ഇത് ഇടയാക്കും. രാജ്യത്ത് അരക്ഷിതാവസ്ഥയാണ് ഇതുമൂലം ഉണ്ടാകന്‍ പോകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :