പനാമ കള്ളപ്പണത്തിന്റെ കൂടുത‌ൽ വിവരങ്ങ‌ൾ പുറത്ത്; ലിസ്റ്റിൽ വമ്പൻസ്രാവുകളും

പനാമ കള്ളപ്പണത്തിന്റെ കൂടുത‌ൽ വിവരങ്ങ‌ൾ പുറത്ത്; ലിസ്റ്റിൽ വമ്പൻസ്രാവുകളും

ന്യൂഡ‌ൽഹി| aparna shaji| Last Modified ചൊവ്വ, 5 ഏപ്രില്‍ 2016 (12:39 IST)
വ്യാജ കമ്പനികളുടെ പേരിൽ വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചവരുടെ കൂടുത‌ൽ വിവരങ്ങ‌ൾ പുറത്ത്. ഇന്ന് പുറത്തിറങ്ങിയ രണ്ടാമത്തെ പേപ്പറിലാണ് കൂടുതൽ പേരുകളുടെ വിവരങ്ങ‌ൾ ഉള്ളത്. രാഷ്ട്രീയ നേതാക്കള്‍, രാജ്യത്തലവന്മാര്‍, സിനിമാതാരങ്ങള്‍, ലോകോത്തര കായിക താരങ്ങള്‍ തുടങ്ങി ലോകത്തെ പ്രമുഖരുടെ പേരുകള്‍ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. ഇന്ത്യൻ എക്സ്പ്രസാണ് രണ്ടാമത്തെ പേപ്പേഴ്സ് പുറത്തിറക്കിയത്.

അധോലോക നായകൻ ദാവൂദ് ഇബ്രാഹിം, വാണിജ്യ പ്രമുഖരായ കപിൽ സെയ്ൻ ജിയോൾ, രഞ്ജീവ് ദുജ, വ്യവസായി കരൺ താപ്പർ, ഗൗതം, രാഷ്ട്രീയക്കാരൻ അനുരാഗ് കേജരിവാൾ, മുൻ ക്രിക്കറ്റ് താരം അശോക് മൽഹോത്ര, വ്യാപാരി അശ്വൻ കുമാർ എന്നീ പ്രമുഖരാണ് പുതിയ പട്ടികയിലുള്ളത്. ഐ ടി കമ്പനി പ്രമുഖൻ ഗൗതം സീങ്കൽ, കാർഷിക വ്യവസായി വിവേക് ജെയ്ൻ, മുൻ സർക്കാർ ജീവനക്കാരൻ പ്രഭാശ് ശങ്ക്ള, വസ്ത്ര കയറ്റുമതിക്കാരായ സതീഷ് ഗോവിന്ദ് സംതാനി, വിശാൽ ബഹദൂർ, ഹരീഷ് മൊഹ്നാനി എന്നിവരും പട്ടികയിലുണ്ട്.

വ്യാജ കമ്പനികളുടെ പേരില്‍ കള്ളപ്പണം നിക്ഷേപിക്കാന്‍ ഇടപാടുകാര്‍ക്ക് രേഖകള്‍ ഉണ്ടാക്കി നല്‍കുന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ മൊസാക്കോയുടെ രേഖകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. നടൻ അമിതാഭ് ബച്ചൻ, നടി ഐശ്വര്യ റായ്, ഡി.എൽ.എഫ് കമ്പനി ഉടമ കെ.പി സിങ്, ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി, അപ്പോളോ ടയേഴ്സ് പ്രമോട്ടർ സമീർ ഗെഹ് ലോട്ട് തുടങ്ങി 500 ഇന്ത്യക്കാരുടെ പട്ടികയാണ് ആദ്യ ദിവസം പുറത്തുവിട്ടത്.

പട്ടികയിൽ ഉൾപെട്ട 500 ഇന്ത്യക്കാരെക്കുറിച്ച്​ അന്വേഷിക്കുമെന്ന്​ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി പറഞ്ഞിരുന്നു. പല അന്വേഷണ ഏജന്‍സികള്‍ ഏകോപിപ്പിച്ചുള്ള അന്വേഷണ സംഘത്തിന് സർക്കാർ ഇന്നലെ രൂപം നല്‍കി. സംശയമുള്ള അക്കൗണ്ടുകള്‍ നിരന്തരമായി നിരീക്ഷിക്കുവാൻ സംഘം തീരുമാനിച്ചിരിക്കുകയാണ്. വിശദമായ റിപ്പോർട്ട് ഹാജരാക്കണമെന്ന് കോടതി അറിയിച്ചു. ജർമൻ പത്രമായ സിഡോയിച് സെയ്തൂങാണ് പനാമ പേപ്പേഴ്സിന്റെ ആദ്യ രേഖകൾ പുറത്തുകൊണ്ടുവന്നത്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :