പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ ഡല്‍ഹിയിലെ പരിപാടി മാറ്റിവെച്ചു

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 4 നവം‌ബര്‍ 2015 (16:45 IST)
പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ ഡല്‍ഹിയിലെ പരിപാടി മാറ്റിവെച്ചു. നവംബര്‍ എട്ടാം തിയതി ഞായറാഴ്ച ഡല്‍ഹിയില്‍ നടത്താനിരുന്ന പരിപാടിയാണ് മാറ്റിവെച്ചത്.
ആം ആദ്‌മി പാര്‍ട്ടി സര്‍ക്കാര്‍ ആയിരുന്നു ഗുലാം അലിയെ ഡല്‍ഹിയില്‍ പരിപാടി അവതരിപ്പിക്കാന്‍ ക്ഷണിച്ചത്. അതേസമയം, എന്നത്തേക്കാണ് പരിപാടി മാറ്റിവെച്ചതെന്ന് വ്യക്തമല്ല.

നേരത്തെ, ഗുലാം അലി മുംബൈയില്‍ നടത്താനിരുന്ന പരിപാടി ശിവസേനയുടെ എതിര്‍പ്പു കാരണം ഉപേക്ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ഡല്‍ഹിയില്‍ പരിപാടി അവതരിപ്പിക്കാന്‍ ഗുലാം അലിയെ കെജ്‌രിവാള്‍ സര്‍ക്കാര്‍ ക്ഷണിച്ചത്. അതാണ് ഇപ്പോള്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും വ്യക്തമാക്കാതെ മാറ്റി വെച്ചിരിക്കുന്നത്.

പ്രശസ്ത ഗസല്‍ ഗായകന്‍ ജഗ്‌ജിത് സിംഗിന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് മുംബൈയില്‍ നടത്താനിരുന്ന പരിപാടിയായിരുന്നു ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് ഉപേക്ഷിച്ചത്. ഡല്‍ഹിയിലും പരിപാടി തടസ്സപ്പെടുത്തുമെന്ന് ശിവസേന അറിയിച്ചിരുന്നു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും ഗുലാം അലിയെ പരിപാടി അവതരിപ്പിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.
ഡിസംബര്‍ മൂന്നിന് ലഖ്‌നോ മഹോത്സവത്തിലേക്കാണ് ക്ഷണം. ലഖ്‌നൌവില്‍ പരിപാടി അവതരിപ്പിക്കാന്‍ ഗുലാം അലി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :