സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 16 നവംബര്‍ 2023 (14:25 IST)
ഇന്ത്യയിലെ ആദ്യ ചൈല്‍ഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് നടന്നത് 1998 നവംബര്‍ 15നാണ്. സഞ്ചയ് കന്തസാമി എന്ന 20മാസം മാത്രം പ്രായമുള്ള കുഞ്ഞിനായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ഡല്‍ഹിയിലെ അപ്പോളേ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഇന്ന് സഞ്ചയ് 25 വയസ് പ്രായമുള്ള ഒരു യുവ ഡോക്ടറാണ്. സ്വന്തം നാടായ കാഞ്ചിപുരത്തിലെ ഒരാശുപത്രിയില്‍ പ്രാക്ടീസ് ചെയ്യുന്നു.
അവയവദാനത്തിന്റെ മഹത്വവും ശസ്ത്രക്രിയക്ക് ശേഷം സാധാരണ ജീവിതം നയിക്കാന്‍ സാധിക്കുമോ എന്നതിനുള്ള ഉത്തരവുമാണ് സഞ്ചയ്. ' എനിക്ക് അറിവുവന്നപ്പോള്‍ ഞാന്‍ അമ്മയോട് ചോദിക്കുമായിരുന്നു, എങ്ങനെയാണ് എന്റെ വയറ്റില്‍ ഈ പാട് വന്നതെന്ന്. പിന്നീട് ഞാന്‍ വളര്‍ന്നപ്പോള്‍ ഡോക്ടര്‍മാര്‍ എങ്ങനെയാണ് എന്റെ ജീവന്‍ രക്ഷിച്ചതെന്ന് അച്ഛന്‍ എനിക്ക് പറഞ്ഞു തന്നു. പിന്നീട് ഞാന്‍ പഠിച്ച് ഒരു ഡോക്ടറാകാനും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനും തീരുമാനമെടുക്കുകയായിരുന്നു'-സഞ്ചയ് പറയുന്നു.