സ്കൂളുകളിൽ സൂര്യനമസ്കാരം നിർബന്ധമാക്കി രാജസ്ഥാൻ സർക്കാർ, വിവാദം

namaskar
അഭിറാം മനോഹർ| Last Modified ബുധന്‍, 14 ഫെബ്രുവരി 2024 (14:39 IST)
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്ക് സൂര്യ നമസ്‌കാരം നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ രാജസ്ഥാനില്‍ പ്രതിഷേധം. നിരവധി മുസ്ലീം സംഘടനകളാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന് മുസ്ലീം സംഘടനകള്‍ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. തങ്ങളുടെ കുട്ടികളെ സൂര്യനമസ്‌കാരം ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഫെബ്രുവരി 15 മുതല്ലാണ് രാജസ്ഥാനിലെ സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കികൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്. ഉത്തരവ് പാലിക്കാത്തവര്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ തീരുമാനത്തിനെതിരെയാണ് കടുത്ത എതിര്‍പ്പ് മുസ്ലീം സമൂഹത്തില്‍ നിന്നും ഉയരുന്നത്.

സൂര്യനമസ്‌കാരം ചെയ്യുന്നത് ഇസ്ലാമില്‍ അനുവദനീയമല്ലെന്നും സൂര്യനെ ദൈവമായി അംഗീകരിക്കുകയാണ് ഇതുവഴി ചെയ്യുന്നതെന്നും അതിനാല്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കികൊണ്ടുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകണമെന്നും മുസ്ലീം സംഘടനകള്‍ ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ തീരുമാനം ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും മുസ്ലീം സംഘടനകള്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :