ഇന്ത്യയിലെ ജനപ്രിയ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കേജ്‌രിവാള്‍, ഇന്ത്യയിലെ പ്രശസ്തനായ വ്യക്തി രാഹുല്‍ ഗാന്ധി!

Last Updated: ബുധന്‍, 16 ജനുവരി 2019 (15:42 IST)
ഓരോ വര്‍ഷവും ഒരു കണക്കെടുപ്പ് അവശേഷിപ്പിക്കും. ആ വര്‍ഷം ലോകത്തെ പിടിച്ചുകുലുക്കിയ കാര്യങ്ങള്‍ എന്തൊക്കെ, ഏത് വ്യക്തിയാണ് ലോകത്തിന്‍റെ ശ്രദ്ധ ഏറ്റവും കൂടുതല്‍ പിടിച്ചുപറ്റിയത്, ഏറ്റവും വലിയ സെലിബ്രിറ്റി ആരാണ് ഇങ്ങനെയൊക്കെയുള്ള കാര്യങ്ങള്‍ ആ കണക്കെടുപ്പില്‍ പ്രതിഫലിക്കും. മലയാളം വെബ്‌ദുനിയ 2018ലെ പ്രധാന കാര്യങ്ങളെ ആസ്പദമാക്കി ഒരു സര്‍വെ നടത്തിയിരുന്നു.

അതിന്‍റെ വിശദാംശങ്ങളാണ് ചുവടെ കൊടുക്കുന്നത്:

ലോകത്തിലെ ഏറ്റവും പ്രശസ്തനായ സെലിബ്രിറ്റി ആരാണെന്നായിരുന്നു സര്‍വെയിലെ ഒരു സുപ്രധാന ചോദ്യം. അതിന് 29 ശതമാനം പേര്‍ നല്‍കിയ മറുപടി മാര്‍ക്ക് സുക്കര്‍ ബര്‍ഗ് എന്നായിരുന്നു. 25 ശതമാനം വോട്ടോടെ നരേന്ദ്രമോദി രണ്ടാം സ്ഥാനത്തെത്തി. ഡൊണാള്‍ഡ് ട്രം‌പിന് 16 ശതമാനം വോട്ടാണ് ലഭിച്ചത്.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ വ്യക്തി ആരാണെന്ന ചോദ്യത്തിന് ഏവരും പ്രതീക്ഷിക്കുന്ന ഉത്തരം നരേന്ദ്രമോദി എന്നാണ്. എന്നാല്‍ 51 ശതമാനം പേരും രാഹുല്‍ ഗാന്ധിയാണ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ വ്യക്തിയെന്ന് പറയുന്നു. 35 ശതമാനം വോട്ടോടെ മോദി രണ്ടാം സ്ഥാനത്തുണ്ട്. വിരാട് കോഹ്‌ലിയാണ് മൂന്നാമത്.

2018ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ അന്താരാഷ്ട്ര സംഭവം ഏതാണെന്ന ചോദ്യത്തിന് അമേരിക്കയും വടക്കന്‍ കൊറിയയുമായുള്ള ഇടപാടും ഫിഫ ലോകകപ്പുമാണ് 24 ശതമാനം വോട്ടോടെ ഒന്നാമതെത്തിയത്. ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവവും ഇന്തോനേഷ്യയിലെ സുനാമിയും രണ്ടാം സ്ഥാനത്തെത്തി.

2018ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചാവിഷയമായ ഇന്ത്യന്‍ സംഭവം ഏതാണെന്ന ചോദ്യത്തിന് ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചതും കേരളത്തിലെ വെള്ളപ്പൊക്ക ദുരന്തവുമാണ് 27 ശതമാനം വോട്ടോടെ ഒന്നാമതെത്തിയത്. മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ നിര്യാണമാണ് പ്രധാന സംഭവമെന്ന് 18 ശതമാനം പേര്‍ വിലയിരുത്തി.

ഇന്ത്യയിലെ ജനപ്രിയ രാഷ്ട്രീയ പ്രവര്‍ത്തകനായി 85 ശതമാനം വായനക്കാരും തെരഞ്ഞെടുത്തത് അരവിന്ദ് കേജ്‌രിവാളിനെയാണ്. കെ ചന്ദ്രശേഖര്‍ റാവുവും കമല്‍നാഥുമാണ് രണ്ടാം സ്ഥാനത്തെത്തിയത്.

ഇന്ത്യയിലെ പ്രശസ്തയായ വനിതയായി 64 ശതമാനം വായനക്കാരും തെരഞ്ഞെടുത്തത് സുഷമ സ്വരാജിനെയാണ്. 28 ശതമാനം വോട്ടോടെ സോണിയ ഗാന്ധി രണ്ടാം സ്ഥാനത്തെത്തി.

വിവാദങ്ങള്‍ സൃഷ്ടിച്ച വ്യക്തിയായി വായനക്കാര്‍ തെരഞ്ഞെടുത്തത് യോഗി ആദിത്യനാഥിനെയും വിജയ് മല്യയെയുമാണ്. ഇന്ത്യയിലെ ജനശ്രദ്ധ നേടിയ കായികതാരമായി 40 ശതമാനം വോട്ടോടെ എം സി മേരികോം തെരഞ്ഞെടുക്കപ്പെട്ടു. പി വി സിന്ധുവാണ് രണ്ടാം സ്ഥാനത്തെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :