'ഓപ്പറേഷന്‍ സങ്കട് മോചന്‍' സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കും

ഓപ്പറേഷന്‍ സങ്കട് മോചന്‍ എന്ന് പേരിട്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തനം വിദേശകാര്യസഹമന്ത്രി വികെ സിംഗിന്റെ മേല്‍നോട്ടത്തില്‍ വ്യോമസേനയെ ഉപയോഗിച്ച് പൂര്‍ത്തിയാക്കും.

ന്യൂഡല്‍ഹി| priyanka| Last Modified വ്യാഴം, 14 ജൂലൈ 2016 (09:24 IST)
കലാപ ബാധിതമായ ദക്ഷിണി സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെയെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുത്തു. ഓപ്പറേഷന്‍ സങ്കട് മോചന്‍ എന്ന് പേരിട്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തനം വിദേശകാര്യസഹമന്ത്രി വികെ സിംഗിന്റെ മേല്‍നോട്ടത്തില്‍ വ്യോമസേനയെ ഉപയോഗിച്ച് പൂര്‍ത്തിയാക്കും. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പാക്കാന്‍ വികെ സിംഗ് വ്യാഴാഴ്ച ദക്ഷിണ സുഡാനിലെ ജുബയിലേക്ക് യാത്ര തിരിച്ചു.

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വിറ്ററില്‍ കൂടി ഓപ്പറേഷന്റെ വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ റെക്കോര്‍ഡുകള്‍ പ്രകാരം ഏകദേശം 600 ഇന്ത്യക്കാരാണ് ദക്ഷിണ സുഡാനിലുള്ളത്. ഇതില്‍ 450 പേര്‍ കലാപം രൂക്ഷമായ ജുബയില്‍ അകപെട്ടിട്ടുണ്ട്. ജുബ- കപാല- തിരുവനന്തപുരം-ഡല്‍ഹി വഴിയാണ് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരിക.

വ്യോമസേനയുടെ വലിയ വിമാനമായ ഹെര്‍ക്കുലിസ് 2സി വിമാനങ്ങള്‍ ഉപയോഗിച്ചാവും ഇന്ത്യക്കാരെ ഒഴിപ്പിക്കുക. വിമാനങ്ങള്‍ ദൗത്യത്തിനായി യാത്രതിരിച്ചു കഴിഞ്ഞു. യെമനില്‍ കലാപം രൂക്ഷമായ സമയത്ത് മലയാളികളടക്കമുള്ള ഇന്ത്യക്കാരെ വിദേശകാര്യ മന്ത്രാലയം സുരക്ഷിതമായി തിരികെ എത്തിച്ചത് ശ്രദ്ധേയമായിരുന്നു. ഇതേ മാതൃകയിലായിരിക്കും സുഡാനിലും നടത്തുക എന്നാണ് വിവരം.



ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :