ഭുവനേശ്വർ|
Last Updated:
വ്യാഴം, 18 ഏപ്രില്‍ 2019 (13:20 IST)
കർണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററിൽ നിന്നു ദുരൂഹമായ പെട്ടി സ്വകാര്യ വാഹനത്തിൽ കയറ്റി കൊണ്ടുപോയ സംഭവത്തിൽആരോപണങ്ങള്‍ തുടരുന്നതിനിടെ ഭുവനേശ്വറില്‍ മോദിയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മിഷൻ സസ്‌പെൻഡ് ചെയ്‌തു.
ഒഡീഷയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷകനായി നിയോഗിച്ചിരുന്ന കർണാടകയിൽ നിന്നുള്ള മുഹമ്മദ് മുഹസിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. ഉദ്യോഗസ്ഥന്റെ നടപടി മൂലം പ്രധാനമന്ത്രിക്കു മിനുറ്റുകളോളം കാത്തിരിക്കേണ്ടിവന്നെന്നും കമ്മിഷൻ വ്യക്തമാക്കി.
മുഹമ്മദ് മുഹസിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഫ്‌ളൈയിംഗ് സ്‌ക്വാഡ് അംഗങ്ങളാണ് മോദിയുടെ ഹെലികോപ്‌ടറില്‍ പരിശോധന നടത്തിയതെന്നും എസ്‌പിജി സുരക്ഷയുള്ളവർക്കായുള്ള മാർഗനിർദേശങ്ങൾക്കെതിരാണ് ഉദ്യോഗസ്ഥന്‍ പെരുമാറിയതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ഈ മാസം ഒമ്പതിന് കർണാടകയിലെ ചിത്രദുർഗയിൽ ബിജെപി റാലിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററിൽ നിന്നു ദുരൂഹമായ പെട്ടി സ്വകാര്യ വാഹനത്തിൽ കയറ്റി കൊണ്ടുപോയത് വന്‍ വിവാദമായിരുന്നു.
പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിൽ നിന്നിറക്കിയ കറുത്ത പെട്ടി ഇന്നോവ കാറിൽ കയറ്റി അതിവേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു. ഈ ദൃശ്യങ്ങൾ കോൺഗ്രസ്, ജനതാദൾ എസ് നേതാക്കൾ ട്വീറ്റ് ചെയ്തതോടെയാണ്
വിവാദമായത്.