ഒഡിഷ|
JOYS JOY|
Last Modified തിങ്കള്‍, 2 മെയ് 2016 (16:09 IST)
ഒഡിഷയിലെ ഏറ്റവും ചൂടുള്ള പ്രദേശങ്ങളില്‍ ഒന്നായ തിത്‌ലഗാര്‍ഹില്‍ അപ്രഖ്യാപിത നിരോധനാജ്ഞയാണ്. രാവിലെ പത്തരയാകുമ്പോഴേക്കും കടക്കാര്‍ ഒന്നൊന്നായി കടകള്‍ അടയ്ക്കും. പതിനൊന്നു മണിയോടെ ഇവിടുത്തെ റോഡുകള്‍ വിജനമാകും. ഭുവനേശ്വറില്‍ നിന്ന് 450 കിലോമീറ്റര്‍ ദൂരത്താണ് ഈ നാട്. മറ്റു സീസണുകളില്‍ പത്തരയ്ക്ക് തുറക്കുന്ന തിത്‌ലഗാര്‍ഹിലെ മാര്‍ക്കറ്റ് ചൂടു കൂടിയതോടെ ഈ സമയത്ത് ‘ഷട്ടര്‍’ ഇടുകയാണ്.
പ്രാദേശികഭാഷയായ സാമ്പല്‍പുരിയില്‍ തത്‌ല എന്നു പറഞ്ഞാല്‍ ഭയങ്കര ചൂട് എന്നാണ് അര്‍ത്ഥം. ഈ ഏപ്രിലില്‍ ചൂട് 45 ഡിഗ്രി ആയിരുന്നു. ഏപ്രില്‍ 24ന് 48.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ചൂട്. 2003 ജൂണ്‍ മൂന്നിനായിരുന്നു ഈ മേഖലയിലെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് - 50.1 ഡിഗ്രി സെല്‍ഷ്യസ്.
ചൂടു കൂടിയതോടെ ഈ നാട്ടിലുള്ളവര്‍ ഇപ്പോള്‍ രാവിലെ പത്തര കഴിഞ്ഞാല്‍ വൈകുന്നേരം ആറുമണി വരെ പുറത്തിറങ്ങാറില്ല. കനത്ത ചൂടില്‍ നിന്ന് രക്ഷ നേടാന്‍ തങ്ങള്‍ തങ്ങള്‍ക്കു തന്നെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് പ്രദേശവാസിയായ മനീഷ് മാഛി പറയുന്നു. മുന്‍കാല അനുഭവങ്ങള്‍ ഉള്ളതു കൊണ്ട് വിവാഹം പോലുള്ള ചടങ്ങുകള്‍ ചൂടുകാലത്ത് വെയ്ക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പകല്‍ സമയങ്ങളില്‍ നനഞ്ഞ തുണി കൊണ്ട് ശരീരം തുടച്ചുകൊണ്ടാണ് ഇവിടുത്തെ ജനങ്ങള്‍ ചൂടിനെ മറി കടക്കുന്നത്. 11 മണിക്കു ശേഷം പുറത്തേക്കുള്ള യാത്ര ഇല്ലെന്നും തിത്‌ലഗാര്‍ഹിലെ സബ്‌കളക്‌ടര്‍ കൈലാഷ് ചന്ദ്ര സാഹു പറയുന്നു. വെള്ള വസ്ത്രങ്ങള്‍ അണിഞ്ഞും വെയിലത്ത് ഇറങ്ങുമ്പോള്‍ വെളുത്ത തുണി കൊണ്ട് തല മറവു ചെയ്തുമാണ് ആളുകള്‍ ചൂടില്‍ നിന്നും രക്ഷ നേടുന്നത്.