വിഷ്ണു ലക്ഷ്മണ്|
Last Updated:
തിങ്കള്‍, 23 മാര്‍ച്ച് 2020 (11:37 IST)
സായിപ്പിനു മുന്നിലെത്തുമ്പോള്‍ കവാത്തുമറക്കുക എന്നത് ഇന്ത്യന്‍ ഭരണ നേതൃത്വത്തിനു നേരെ ഉയരുന്ന സ്ഥിരം ആക്ഷേപമാണ്. എന്നാല്‍ വമ്പന്‍ പ്രതീക്ഷകളൊടെ അധികാരത്തിലേക്ക് ഇന്ത്യയിലെ കോടിക്കണക്കിന് സാധാരണക്കാരായ ജനങ്ങള്‍ കൈപിടിച്ചിയര്‍ത്തിയ മോഡിയും തന്റെ മുന്‍ഗാമികളുടെ പാത പിന്തുടരുകയാണോ? അതേയെന്നാണ് ഇപ്പോള്‍ വരുന്ന സൂചനകള്‍. രാജ്യത്തിന് ഊര്‍ജ്ജപ്രതിസന്ധിയുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ ഒരു ജനതയുടെ വര്‍ത്തമാനവും ഭാവിയും ആശങ്കയിലാക്കുന്ന രീതിയില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടതുണ്ടോ?
ആണവ കരാര്‍ വിഷയത്തില്‍ രാജ്യത്തുടനീളം വിദ്യാസമ്പന്നരായ യുവജനങ്ങള്‍ ചോദിക്കുന്ന ചോദ്യമിതാണ്. നിരക്ഷരകുക്ഷികളായ ഇന്ത്യയിലെ സാധാരാണക്കാരേപ്പോലെ യുവാക്കളെ പറഞ്ഞുപറ്റിക്കാന്‍ സാധിക്കില്ല എന്ന് മോഡി ചിന്തിക്കേണ്ടതായിരുന്നു. ബരാക് ഒബാമയുടെ സന്ദര്‍ശനത്തോടെ ഇന്ത്യ-
അമേരിക്ക ആണവ കരാര്‍ യാഥാര്‍ത്ഥ്യമായെങ്കിലും ആണവദുരന്ത ബാധ്യതിയില്‍ നിന്ന് അമേരിക്കന്‍ കമ്പനികളെ ഒഴിവാക്കിയ ‘മോഡി മാജിക്’ കണ്ട് അമ്പരന്ന് വാപൊളിച്ചു നില്ക്കുന്ന ബിജെപി നേതൃത്വം പറഞ്ഞതൊക്കെ തൊണ്ടതൊടാതെ വിഴുങ്ങാനുള്ള ശ്രമത്തിലാണ്.
ആണവ നിലയങ്ങളില്‍ അപകടം ഉണ്ടായാല്‍ ആര്‍ക്കാവും അതിന് ഉത്തരവാദിത്തം? ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ക്കോ, ഇന്ത്യയ്ക്കോ? ഇക്കാര്യത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യപ്രതിപക്ഷമായ ബിജെപി ഉയര്‍ത്തിവിട്ട ചോദ്യമിതായിരുന്നു. സത്യത്തില്‍ യുപിഎ സര്‍ക്കാരിനെ കുഴപ്പിച്ച ഈ ചോദ്യത്തില്‍ നിന്ന് യുപിഎ സര്‍ക്കാരിനെതിരെ വന്‍പ്രതിഷേധമാണ് ബിജെപി വളര്‍ത്തിക്കൊണ്ട് വന്നത്. ഇപ്പോഴിതാ അതേ ചോദ്യം ബൂമറാംഗ് പോലെ മോഡി സര്‍ക്കാരിനെ തിരിച്ചടിക്കുന്നു. ആണവദുരന്തം ഉണ്ടായാല്‍ അമേരിക്കന്‍ കമ്പനികള്‍ ഒരു നഷ്ടപരിഹാരവും നല്‍കേണ്ടതില്ല. ഈ പ്രശനം പരിഹരിക്കാന്‍ ഇന്‍ഷുറന്‍സ് പൂള് സൃഷ്ടിക്കും എന്നാണ് കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ മോഡി കണ്ടെത്തിയ എളുപ്പവഴി.
എന്നാല്‍ ഈ തുക ഇന്ത്യയില്‍ നിന്നുള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍ തന്നെ നല്‍കേണ്ടി വരും. ഇന്‍ഷുറന്‍സിന്റെ പ്രീമിയവും അമേരിക്കന്‍ കമ്പനികള്‍ അടക്കേണ്ടതില്ല. ആ തുകയും ആണവ പദ്ധതിയുടെ ഉപഭോക്താക്കളില്‍ നിന്ന് പിരിച്ച്
ഇന്ത്യ തന്നെ നല്‍കും. ചുരുക്കിപ്പറഞ്ഞാല്‍ അമേരിക്കന്‍ കമ്പനികളുടെ സാമഗ്രികള്‍ വാങ്ങി അപകടമുണ്ടായാല്‍ അതിന്റെ സാമ്പത്തികവും മാനുഷികവുമായ എല്ലാ ഉത്തരാവാദിത്തവും ഇനി ഇന്ത്യയിലെ ശതകോടികള്‍ വരുന്ന ദരിദ്രനാരായണന്മാര്ക്കായിരിക്കും എന്ന് സാരം. കരാറിന് മുമ്പായി 1500 കോടി രൂപയുടെ ഇന്‍ഷൂറന്‍സ് സര്‍ക്കാരും സ്ഥാപനങ്ങളും കെട്ടിവെക്കണം എന്നത് മാത്രമാണ് അല്‍പ്പം ആശ്വാസം,
എന്നാല്‍ ആണവദുരന്തത്തിന്റെ ഇരകള്‍ക്ക് കമ്പനികള്‍ക്കെതിരെ നടപടികളുമായി അന്താരാഷ്ട്ര വേദികളില്‍ പോകാനുള്ള മാനുഷികമായ അവകാശത്തെ നിഷ്കരുണം വെട്ടിയരിഞ്ഞ നടപടി അങ്ങേയറ്റമായി. അപകടമുണ്ടായാല്‍ അമേരിക്കന്‍ കമ്പനികള്‍ ഉത്തരവാദികള്‍ ആവില്ല. അവര്‍ക്കെതിരെ നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കാന്‍ ഇരകള്‍ക്ക് അവകാശം ഉണ്ടാവില്ല. നിലയം പ്രവര്‍ത്തിക്കുന്ന രാജ്യത്തിനാവും ഇതു സംബന്ധിച്ച ഉത്തരവാദിത്തം. ചുരുക്കി പറഞ്ഞാല്‍ ഭോപ്പാല്‍ ദുരന്തത്തില്‍ അമേരിക്കന്‍ കമ്പനിക്കെതിരെ കേസെടുത്തതുപോലെ ഇനി ഒരു ആണവ ദുരന്തം ഉണ്ടായാല്‍ കേസെടുക്കാന്‍ പോലും ഇന്ത്യക്ക് കഴിയില്ലെന്ന് സാരം. ആണവ ബാധ്യത നിയമത്തെ തള്ളിയാണ് നീക്കുപോക്കുകളുടെ അടിസ്ഥാനത്തില്‍ ആണവ കരാര്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് എന്നാല്‍, ഇതായിരുന്നില്ല ബിജെപി നിലപാട്. ആണവ ബാധ്യതാ നിയമത്തിലെ 46-)ം വകുപ്പില്‍ ആണവ ദുരന്തങ്ങളുടെ ബാധ്യതയില്‍ വിതരണക്കാരെയും ഉള്‍പ്പെടുത്തണമെന്ന് ആയിരുന്നു അന്ന് പ്രതിപക്ഷമായ ബിജെപി ആവശ്യപ്പെട്ടിരുന്നത്. ഇത് പിന്നീട് ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കുകയും ചെയ്തു. ഒബാമയുടെ സന്ദര്‍ശനത്തിന് മുമ്പായി നടതിയ ചര്‍ച്ചകളിലാണ് ഇക്കാര്യങ്ങളില്‍ നീക്കുപോക്കുണ്ടാകണമെന്ന അമേരിക്കന്‍ ആവശ്യം ഇന്ത്യ നീരുപാധികം അംഗീകരിച്ചത്. ഇന്ത്യക്ക് ദോഷകരമായ വ്യവസ്ഥയടങ്ങുന്ന ധാരണയുടെ വിശദാംശങ്ങള്‍ ഡല്‍ഹിനിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് മോഡി സര്‍ക്കാര്‍ പുറത്തുവിട്ടത്.
2010ലെ ആണവ അപകട ബാധ്യതാ നിയമം, സാധാരണ ഉയരുന്ന ചോദ്യങ്ങള്‍ എന്ന തലക്കെട്ടിലാണ് മന്ത്രാലയം വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഒബാമയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് യുഎസ് ന്യൂക്ലിയര്‍ കോണ്ടാക്ട് ഗ്രൂപ്പുമായി ലണ്ടനില്‍ നടത്തിയ മൂന്ന് വട്ട ചര്‍ച്ചകളിലാണ് ആണവ കരാര്‍ വ്യവസ്ഥകളില്‍ അന്തിമ തീരുമാനമായത്. ബാധ്യത ഏറ്റെടുക്കുന്ന കാര്യത്തില്‍ തങ്ങള്‍ക്കുള്ള ആശങ്ക വിതരണക്കാരായ അമേരിക്കന്‍ കമ്പനികള്‍ ഉന്നയിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആണവനിലയ പരിശോധനയുടെ കാര്യത്തില്‍ ഇന്ത്യന്‍ നിലപാട് അമേരിക്ക അംഗീകരിച്ചതായും മന്ത്രാലലയം പുറത്തുവിട്ട രേഖയിലുണ്ട്.
ആണവ നിലയങ്ങളും ഉപകരണങ്ങളും വിതരണം ചെയ്യുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് പരിശോധനാധികാരം നല്‍കില്ലെന്നതാണ് ഇക്കാര്യം. അന്താരാഷ്ട്ര ആണവോര്‍ജ എജന്‍സിയുടെ സുരക്ഷാമാനദണ്ഡങ്ങളാണ് പിന്തുടരുകയെന്ന ഇന്ത്യന്‍ വാദം അമേരിക്കന്‍ കമ്പനികള്‍ അംഗീകരിച്ചതായും രേഖയിലുണ്ട്. എന്തൊക്കെ ന്യായവാദങ്ങള്‍ നിരത്തിയാലും വരാന്‍ പോകുന്ന പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ആണവകരാറിന്റെ പേരില്‍ കലുഷിതമാകുമെന്ന് ഉറപ്പാണ്. സാധാരണക്കാരെ ബലികൊടുക്കാന്‍ പോകുന്നു എന്ന രീതിയില്‍ ഇടതുപക്ഷവും പ്രതിപക്ഷ കക്ഷികളും പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ അതിനെ മോഡി എങ്ങനെ നേരിടുമെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.