aparna shaji|
Last Modified തിങ്കള്‍, 18 ജൂലൈ 2016 (14:23 IST)
റിയോ ഒളിംപിക്സിൽ ഇന്ത്യൻ അത്‌ലറ്റിക് ടീം മെഡൽ നേടാനുള്ള സാധ്യതയില്ലെന്ന് ടാര്‍ഗെറ്റ് ഒളിംപിക് പോഡിയം ചെയര്‍പേഴ്സണ്‍ അഞ്ജു ബോബി ജോര്‍ജ്. വലിയ അത്‌ലറ്റിക് ടീം യോഗ്യത നേടിയെങ്കിലും മെഡൽ ലഭിക്കാനുള്ള പ്രകടനം ആരുടെയും ഭാഗത്തുനിന്നും കാണുന്നില്ലെന്നും അഞ്ജു ഒരു വാർത്താചാനലിനോട് പറഞ്ഞു.
താരങ്ങൾ ഇന്ത്യയിൽ ചെയ്യുന്ന പ്രകടനങ്ങൾ വിദേശത്ത് പോയാൽ ചെയ്യുമെന്ന പ്രതീക്ഷ ഇല്ലെന്നും അഞ്ജു വ്യക്തമാക്കി. മെഡൽ ലഭിക്കണമെങ്കിൽ ലോകോത്തര താരങ്ങളുമായി തുടർച്ചയായുള്ള മത്സരങ്ങൾ വേണം. കുറച്ചു പേർ ചില ഇനങ്ങളിൽ ഫൈനലിൽ എത്താനുള്ള സാധ്യത ഉണ്ടെന്നും അഞ്ജു പറഞ്ഞു.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വലിയ ടീമിനെയാണ് ഇന്ത്യ ഇത്തവണ റിയോ ഒളിംപിക്സിലേക്ക് അയക്കുന്നത്. നേരിയ വ്യത്യാസത്തില്‍ ഒളിംപിക്സ് യോഗ്യത നേടാനാകാതെ പോയവര്‍ക്ക് ഒരവസരം കൂടി നല്‍കുക എന്നതിന്‍റെ അടിസ്ഥാനത്തിലാണ് നാലാം ഇന്ത്യന്‍ ഗ്രാന്‍പ്രി നടത്തിയതെന്നും അഞ്ജു വ്യക്തമാക്കി.