ടൈഗര്‍ സഫാരിയും ബോട്ടുയാത്രയും കഴിഞ്ഞ് മോദി എത്തിയപ്പോഴേക്കും പുല്‍‌വാമയില്‍ എല്ലാം കഴിഞ്ഞിരുന്നു!

നരേന്ദ്ര മോദി, പുല്‍‌വാമ ഭീകരാക്രമണം, രാഹുല്‍ ഗാന്ധി, Narendra Modi, Pulwama terror attack, Rahul Gandhi
ന്യൂഡല്‍ഹി| Last Modified വെള്ളി, 22 ഫെബ്രുവരി 2019 (17:25 IST)
പുല്‍‌വാമ ഭീകരാക്രമണം പ്രധാനമന്ത്രി നരേന്ദ്രമോദി 25 മിനിറ്റ് വൈകിയാണ് അറിഞ്ഞതെന്ന് സൂചന. കാലാവസ്ഥ മോശമായതും നെറ്റുവര്‍ക്ക് കുഴപ്പങ്ങളും കാരണമാണ് വിവരം അറിയാന്‍ പ്രധാനമന്ത്രി വൈകിയതിന് കാരണമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ താന്‍ വിവരം അറിയാന്‍ വൈകിയതില്‍ കോപാകുലനായ നരേന്ദ്രമോദി പിന്നീട് ജലപാനം പോലും വേണ്ടെന്നുവച്ച് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കുന്നത്.

അന്ന് രാവിലെ ഏഴുമണിക്കാണ് പ്രധാനമന്ത്രി ഡെറാഡൂണില്‍ എത്തിയത്. എന്നാല്‍ അതിന് ശേഷം മോശം കാലാവസ്ഥ കാരണം അദ്ദേഹം നാലുമണിക്കൂറോളം അവിടെ കുടുങ്ങിപ്പോകുകയായിരുന്നു. ടൈഗര്‍ സഫാരി ഉദ്ഘാടനം ചെയ്യാനായി ജിം കോര്‍ബറ്റ് പാര്‍ക്കില്‍ മോദി എത്തുന്നത് രാവിലെ 11.15നാണ്. അവിടെ അദ്ദേഹം മൂന്നുമണിക്കൂര്‍ ചെലവഴിച്ചു. ധിക്കാലയിലെ വനാന്തരങ്ങളിലേക്ക് ബോട്ടുയാത്ര നടത്തി.

രുദ്രാപ്പൂരില്‍ നരേന്ദ്രമോദി ഒരു റാലിയെ അഭിസംബോധന ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ഭീകരാക്രമണവാര്‍ത്ത അറിഞ്ഞയുടന്‍ അദ്ദേഹം പിന്നീട് അക്കാര്യങ്ങളുമായി തിരക്കിലായി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലില്‍ നിന്നും മന്ത്രി രാജ്നാഥ് സിംഗില്‍ നിന്നും ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കില്‍ നിന്നും പ്രധാനമന്ത്രി ഉടന്‍ തന്നെ വിവരങ്ങള്‍ ശേഖരിച്ചു.

താന്‍ വിവരങ്ങള്‍ അറിയാന്‍ വൈകിയതില്‍ കോപാകുലനായ പ്രധാനമന്ത്രി പിന്നീട് ആഹാരം പോലും വേണ്ടെന്നുവച്ച് നിരന്തരം ചര്‍ച്ചകളില്‍ മുഴുകി. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് രാംനഗറില്‍ നിന്ന് അദ്ദേഹത്തിന് മടങ്ങിപ്പോകാന്‍ ഹെലികോ‌പ്ടര്‍ ലഭിച്ചില്ല. രാത്രി ഏറെ വൈകിയാണ് പ്രധാനമന്ത്രിക്ക് ഡല്‍ഹിയില്‍ തിരിച്ചെത്താന്‍ കഴിഞ്ഞത്.

അതേസമയം, ഭീകരാക്രമണ സമയത്തു മോദി ഡോക്യുമെന്ററി ഷൂട്ടിങ്ങിലായിരുന്നുവെന്നും മോദി ‘പ്രൈം ടൈം മിനിസ്റ്റര്‍’ ആണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. കേന്ദ്രം ഇപ്പോള്‍ ഭരിക്കുന്നത് ഒരു ഫോട്ടോഷൂട്ട് സര്‍ക്കാരാണെന്നും രാഹുല്‍ ആരോപിച്ചു.

ഭീകരാക്രമണത്തില്‍ 40 ജവാന്‍‌മാര്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷവും പ്രധാനമന്ത്രി സിനിമാ ഷൂട്ടിംഗിലായിരുന്നു. അദ്ദേഹം ‘പ്രൈം ടൈം മിനിസ്റ്ററാ’ണ്. ഇന്ത്യക്കാര്‍ ദുഃഖാര്‍ത്തരായിരിക്കുമ്പോള്‍ തടാകതീരത്ത് ഫോട്ടോഷൂട്ടിനായി ചിരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു പ്രധാനമന്ത്രിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

നരേന്ദ്രമോദി ഷൂട്ടിംഗില്‍ പങ്കെടുക്കുന്നതിന്‍റെ ചിത്രങ്ങളും രാഹുല്‍ ഗാന്ധി പുറത്തുവിട്ടു. എന്നാല്‍ രാഹുല്‍ ഗാന്ധി പുറത്തുവിട്ടത് വ്യാജവാര്‍ത്തയാണെന്നും പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ അന്ന് രാവിലെ എടുത്തതാണെന്നും ബിജെപി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :