നെഹ്രുവിന്റെ പേര്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും വെട്ടി, പകരം ഇനി വാജ്പേയി

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 29 ഏപ്രില്‍ 2015 (15:58 IST)
യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബണ്‍ റിന്യുവല്‍ മിഷന്‍ (ജന്റം) പദ്ധതിയില്‍ നിന്ന് നെഹ്രുവിന്റെ പേര് കേന്ദ്രസര്‍ക്കാര്‍ വെട്ടിമാറ്റി. പകരം മുതിര്‍ന്ന ബിജെപി നേതാവായ അടല്‍ ബിഹാരി വാജ്പേയിയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി പുനര്‍നാമകരണം ചെയ്യുകയും ചെയ്തു.
ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

ഇതുപ്രകാരം ജന്റം പദ്ധതിയെ അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്റ് അര്‍ബണ്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ‍(എഎംആര്‍യുടി) എന്നാക്കി മാറ്റും. പത്തുവര്‍ഷ പദ്ധതിക്കായി രണ്ടു ലക്ഷം കോടി നിക്ഷേപിക്കും. 500 നഗരങ്ങളെയും പട്ടണങ്ങളെയും പദ്ധതിയിലുള്‍പ്പെടുത്തി പുനരുജ്ജീവിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ജന്റും പദ്ധതി കഴിഞ്ഞ വര്‍ഷം പുതുക്കാന്‍ യു.പി.എ സര്‍ക്കാര്‍ ആലോചിച്ചിരുന്നുവെങ്കിലൂം തെരഞ്ഞെടുപ്പ് വന്നതിനാല്‍ കഴിയാതെ പോയി. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് പുതിയ പേരില്‍ പദ്ധതി നടപ്പാക്കാന്‍ ആലോചന തുടങ്ങിയത്. ജന്റത്തിലെ എല്ലാ ഘടകങ്ങളും ഉള്‍പ്പെടുന്ന അംരുത്തിന്റെ പ്രധാനമന്ത്രിയുടെ താല്‍പര്യപ്രകാരമുള്ള ഘടകങ്ങള്‍ അധികമായി കൂട്ടിച്ചേര്‍ക്കും.

നേരത്തെ ഹിന്ദിഭാഷാ പുരസ്കാരങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളായ ഇന്ദിരാ ഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും പേരുകള്‍ മാറ്റി പകരം അവയ്ക്ക് പുതിയ പേര് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. അധികാരത്തിലെത്തിയതിനു തൊട്ടുപിന്നാലെ രാജീവ് ഗാന്ധിയുടെ പേരിലുള്ള് പാര്‍പ്പിട പദ്ധതി ജനസംഘം നേതാവായിരുന്ന ദീനദയാല്‍ ഉപാധ്യായയുടെ പേരിലേഎക്ക് കേന്ദ്രസര്‍ക്കാര്‍ മാറ്റിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :