'എന്ന് സ്വന്തം റീന' മൂന്നാം ക്ലാസ് പാഠപുസ്തകത്തിലെ അഹമ്മദിനു എഴുതിയ കത്ത് വിവാദത്തില്‍; ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതെന്ന് വിദ്യാര്‍ഥിയുടെ പിതാവ്

പരിസ്ഥിതി പഠനം ടെക്സ്റ്റ് ബുക്കിലെ 17-ാം പേജില്‍ അഹമ്മദ് എന്നൊരു ആണ്‍കുട്ടിക്ക് റീന എന്ന് പേരുള്ള പെണ്‍കുട്ടി എഴുതിയ കത്തിനെ കുറിച്ച് പറയുന്നുണ്ട്

NCERT Text book controversy
രേണുക വേണു| Last Modified വെള്ളി, 20 സെപ്‌റ്റംബര്‍ 2024 (14:16 IST)
NCERT Text book controversy

എന്‍സിഇആര്‍ടി (NCERT) മൂന്നാം ക്ലാസ് പാഠപുസ്തകത്തിലെ ഒരു ഭാഗം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി മധ്യപ്രദേശില്‍ ഒരു വിദ്യാര്‍ഥിയുടെ പിതാവ് പരാതി നല്‍കി. മൂന്നാം ക്ലാസുകാരിയുടെ പിതാവും ഛത്രാപൂര്‍ സ്വദേശിയുമായ ഡോ.രാഘവ് പതക് ആണ് പാഠപുസ്തകത്തിലെ ഒരു ഭാഗം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയത്.

പരിസ്ഥിതി പഠനം ടെക്സ്റ്റ് ബുക്കിലെ 17-ാം പേജില്‍ അഹമ്മദ് എന്നൊരു ആണ്‍കുട്ടിക്ക് റീന എന്ന് പേരുള്ള പെണ്‍കുട്ടി എഴുതിയ കത്തിനെ കുറിച്ച് പറയുന്നുണ്ട്. ആ കത്തിന്റെ അവസാനം 'എന്ന് സ്വന്തം റീന' എന്നാണ് എഴുതിയിരിക്കുന്നത്. ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലിം ആണ്‍കുട്ടിക്ക് എഴുതിയ കത്ത് പാഠപുസ്തകത്തില്‍ വന്നത് ശരിയായില്ലെന്ന് പറഞ്ഞാണ് ഇയാളുടെ പരാതി. ഈ കത്ത് ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പരാതിയില്‍ പറയുന്നു. ഒന്നുകില്‍ പാഠഭാഗത്ത് പറഞ്ഞിരിക്കുന്ന കുട്ടികളുടെ പേരുകള്‍ മാറ്റണം, അല്ലെങ്കില്‍ ആ ഭാഗം പൂര്‍ണമായും ടെക്‌സ്റ്റ് ബുക്കില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

'ഇത്തരം കാര്യങ്ങള്‍ വായിക്കുമ്പോള്‍ ചെറിയ കുട്ടികള്‍ക്ക് പ്രണയത്തോടു താല്‍പര്യം തോന്നും. ലൗ ജിഹാദ് പോലുള്ള സംഭവങ്ങള്‍ വര്‍ധിക്കുകയും ചെയ്യും,' പരാതിക്കാരന്‍ പറയുന്നു. രാഘവ് പതക് പരാതി നല്‍കിയതായി ഖജുരാഹോ സ്റ്റേഷന്‍ ഓഫീസര്‍ സുനില്‍ ശര്‍മയും സ്ഥിരീകരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :