aparna shaji|
Last Modified ശനി, 19 നവംബര്‍ 2016 (10:59 IST)
രാജ്യത്ത് നിന്നും 500, 1000 നോട്ടുകൾ അസാധുവായത് ഒരൊറ്റ രാത്രികൊണ്ടാണ്. ലക്ഷ്യം കള്ളപ്പണക്കാർ ആയിരുന്നെങ്കിലും ഞെട്ടിയത് ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾ ആയിരുന്നു. ഒപ്പം രാജ്യത്തെ ബാങ്ക് അധികൃതരും. തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഉന്നത ബാങ്ക് അധികൃതരെപ്പോലും അറിയിച്ചിരുന്നില്ലെന്നു റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
പ്രഖ്യാപനം നടത്തുന്നത് വരെ അക്കാര്യത്തെ കുറിച്ച് തങ്ങൾക്ക് അറിവുണ്ടായിരുന്നില്ലെന്ന് ബാങ്ക് ജീവനക്കാർ പറയുന്നു. നവംബർ എട്ടിന്
ആർ ബി ഐ ആസ്ഥാനത്ത് വെച്ച് രാജ്യത്തെ ഉയർന്ന ബാങ്കുകളിലെ അധികൃതർക്ക് ഒരു യോഗം നടന്നിരുന്നു. സമയം ഏഴ് മണി. പങ്കെടുത്തു. ബാങ്കിങ് മേഖലയിലെ നിലവിലെ പ്രശ്നങ്ങളെക്കുറിച്ചാണ് യോഗത്തിൽ ചർച്ച ചെയ്തത്. ബാങ്കുകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.
സാധാരണ യോഗം വിളിക്കുമ്പോൾ എന്താണ് വിഷയമെന്ന് നേരത്തേ അറിയിക്കാറാണ് പതിവ്.
എന്നാൽ, ഇത്തവണ വിപരീതമായിരുന്നു. യോഗമുണ്ടെന്നും പങ്കെടുക്കണമെന്നും മാത്രമാണ് അധികൃതരെ ആർ ബി ഐ അറിയിച്ചത്. യോഗത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും നൽകിയില്ലെന്നു ഇതിൽ പങ്കെടുത്ത രണ്ടു ബാങ്കുകളുടെ അധികൃതർ പറയുന്നു. സമയം എട്ടാകാൻ മിനിറ്റുകൾ ബാക്കിനിൽക്കെ യോഗം ചേരുന്ന മുറിയിലെ ടിവി ആർ ബി ഐ അധികൃതർ ഓൺ ചെയ്തു.
അൽപസമയത്തിനകം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമെന്നും അതിനുശേഷം ചർച്ച തുടരാമെന്നും ആർ ബി ഐ പറഞ്ഞു. പ്രസംഗത്തിനിടെ നോട്ട് അസാധുവാക്കുന്നതായി മോദി പറഞ്ഞപ്പോൾ പലർക്കും അത് മനസ്സിലായില്ല, ചിലർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. എല്ലാവർക്കും ഇതൊരു അദ്ഭുതമായിപ്പോയി എന്ന് യോഗത്തിൽ പങ്കെടുത്ത ബാങ്ക് അധികൃതർ പറയുന്നു.
അടുത്ത ഏതാനും ദിവസത്തേക്ക് എന്തൊക്കെ വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നതിനെക്കുറിച്ച് ആർക്കും ഒരാശയവും ഇല്ലായിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗം അവസാനിച്ചയുടൻതന്നെ യോഗം പിരിഞ്ഞ് എല്ലാവരും തിരികെപ്പോയി. അധികൃതരുടെ ആശങ്ക ആസ്ഥാനത്തായിരുന്നില്ല. പ്രശ്നങ്ങൾ പിറ്റേന്ന് രാവിലെ മുതൽ ആരംഭിക്കുകയും ചെയ്തിരുന്നു. രാജ്യം മുഴുവൻ പ്രതിസന്ധിയിലായ ദിനങ്ങൾ.