ജനങ്ങളുടെ കുടിവെള്ളത്തേക്കാള്‍ പ്രാധാന്യം ഐ പി എല്ലിനാണോ?: ബോംബെ ഹൈക്കോടതി

സംസ്ഥാനത്ത് ഗുരുതര ശുദ്ധജലക്ഷാമം അനുഭവിക്കുന്ന ഈ സാഹചര്യത്തിൽ ജല ഉപയോഗം ഏറെയുള്ള ഐ പി എൽ ക്രിക്കറ്റ് ടൂർണമെന്റ് മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റി നടത്തിക്കൂടെയെന്ന് ബോംബെ ഹൈക്കോടതി

മുംബൈ, ഐ പി എല്‍, ഹൈക്കോടതി, നാഗ്‌പൂര്‍, പൂനെ, മറാത്ത്‌വാഡാ mumbai, IPL, high court, nagpoor, pune, marathvada
മുംബൈ| സജിത്ത്| Last Updated: ബുധന്‍, 6 ഏപ്രില്‍ 2016 (17:46 IST)
സംസ്ഥാനത്ത് ഗുരുതര ശുദ്ധജലക്ഷാമം അനുഭവിക്കുന്ന ഈ സാഹചര്യത്തിൽ ജല ഉപയോഗം ഏറെയുള്ള ഐ പി എൽ ക്രിക്കറ്റ് ടൂർണമെന്റ് മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റി നടത്തിക്കൂടെയെന്ന് ബോംബെ ഹൈക്കോടതി. ഐ പി എല്ലിനേക്കാൾ പ്രധാന്യം കൊടുക്കേണ്ടത് ജനങ്ങൾക്ക് അല്ലേ? ഇത്രയും വെള്ളം കളയാൻ നിങ്ങള്‍ക്കെങ്ങിനെ കഴിയുന്നു? ഇത്ര നിസാരമായി കാര്യങ്ങളെ കാണാൻ സാധിക്കുന്നതെങ്ങിനെയാണ്? ഇത് പൈശാചികമായ നഷ്ടമാണ്. നിങ്ങൾക്ക് മഹാരാഷ്ട്രയിലെ അവസ്ഥ അറിയാവുന്നതെല്ലേ?- കോടതി ചോദിച്ചു.

ഐ പി എല്ലിനായി സംസ്ഥാനത്തെ മൂന്നു സ്റ്റേഡിയങ്ങളിലെ പിച്ച് നനയ്ക്കാനും മറ്റുമായി 60 ലക്ഷം ലീറ്റർ വെള്ളം ആവശ്യം വരുമെന്നതുൾപ്പെടെയുള്ള പൊതുതാൽപര്യ ഹർജികളിൽ വാദം കേൾക്കവേയാണു കോടതിയുടെ ഈ നിരീക്ഷണം. രണ്ടു പതിറ്റാണ്ടായി സംസ്ഥാനത്ത് കടുത്ത ജലക്ഷാമമാണ്‍. കൊടിയ വരൾച്ചയെ തുടർന്നു കർഷകർ ജീവനൊടുക്കുന്നതുമായി ബന്ധപ്പെട്ടു ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തില്‍ മാത്രം 3228 കർഷകരായിരുന്നു ജീവനൊടുക്കിയത്. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് ഐ പി എല്ലിനായി ഇത്രത്തോളം ജലം ഉപയോഗിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, പിച്ച് നനയ്ക്കാനും മറ്റും ഉപയോഗിക്കുന്ന വെള്ളം കുടിവെള്ളമായോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കാൻ സാധിക്കാത്തവയാണെന്ന് ബോംബെ ക്രിക്കറ്റ് അസോസിയേഷൻ കോടതിയില്‍ അറിയിച്ചു. ഇതേ തുടർന്നായിരുന്നു ജലക്ഷാമം അനുഭവിക്കാത്ത ഏതെങ്കിലും സംസ്ഥാനത്തേക്ക് മൽസരങ്ങളുടെ വേദി മാറ്റിക്കൂടെയെന്ന് കോടതി ചോദിച്ചത്.
വെള്ളിയാഴ്ചയാണ് ഐ പി എൽ ഉദ്ഘാടനം നടക്കുന്നത്. മൽസരങ്ങൾ ശനിയാഴ്ചയാണ് ആരംഭിക്കുന്നത്. മുംബൈ, പൂനെ, നാഗ്‌പൂര്‍ എന്നിവിടങ്ങളിലായി 19 മൽസരങ്ങളാണ് മഹാരാഷ്ട്രയിൽ തീരുമാനിച്ചിട്ടുള്ളത്. ഇതിൽ മറാത്ത്‌വാഡാ റീജിയനിലാണ് പൂനെയും നാഗ്‌പൂരും. ഈ ഭാഗങ്ങളിലാണ് ജലക്ഷാമം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :