ചീത്തവിളി സഹിക്കാനായില്ല; ധോണി അമ്രപാലിയെ കൈയൊഴിഞ്ഞു

ധോണിയ്‌ക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു

മഹേന്ദ്ര സിംഗ് ധോണി , അമ്രപാലി , ഫ്ലാറ്റ് തട്ടിപ്പ് , ഇന്ത്യന്‍ ക്രിക്കറ്റ്
ന്യൂഡല്‍ഹി| jibin| Last Modified ശനി, 16 ഏപ്രില്‍ 2016 (16:19 IST)
പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ അമ്രപാലിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഉപേക്ഷിച്ചു. അമ്രപാലിയുടെ ബ്രാന്‍ഡ് തട്ടിപ്പാണെന്നും പണി പൂര്‍ത്തിയാക്കാതെയാണ് തങ്ങള്‍ക്ക് ഫ്ലാറ്റ് കൈമാറിയതെന്നും കാട്ടി നോയിഡയില്‍ അമ്രപാലിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ താമസമാക്കിയിട്ടുള്ള ഒരു സംഘം ആളുകളാണ് ധോണിയ്‌ക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ധോണി പദവി ഉപേക്ഷിച്ചത്.

അപ്പാര്‍ട്ട്‌മെന്റിന്റെ പണി പൂര്‍ത്തിയാക്കിയിട്ടില്ലെന്നും വാഗ്ദാനം ചെയ്‌തിരുന്ന സൌകര്യങ്ങള്‍ നല്‍കിയിട്ടുമില്ലെന്ന് കാട്ടി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ശക്തമായിരുന്നു. തട്ടിപ്പ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനം ധോണി ഒഴിയണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

പ്രതിഷേധം ശക്തമായതോടെ വിഷയം കമ്പനിയെ ബോധ്യപ്പെടുത്തുമെന്ന് ധോണി മറുപടിയും നല്‍കിയിരുന്നു.
പ്രൊജക്ടിന്റെ പണി പൂര്‍ത്തിയാക്കാന്‍ ധോണി കമ്പനിയില്‍ സര്‍മ്മദ്ദം ചെലുത്തിയെങ്കിലും നടപടികള്‍ ഒന്നും ഉണ്ടായില്ല എന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെയാണ് അംബാസഡര്‍ സ്ഥാനം ധോണി ഉപേക്ഷിച്ചത്.

ധോണി അംബാസഡര്‍ സ്ഥാനത്തു നിന്നും ഒഴിവായതായി അമ്രപാലി ചെയര്‍മാനും എം.ഡിയുമായ അനില്‍ ശര്‍മ്മ പറഞ്ഞു. തങ്ങളുടെ സ്ഥാപനവുമായുള്ള ബന്ധം അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ബാധിക്കാന്‍ പാടില്ലെന്നും അംബാസഡര്‍ സ്ഥാനം ഒഴിയാനുളള തീരുമാനം തങ്ങളും ധോണിയും ഒരുമിച്ചെടുത്തതാണെന്നും ശര്‍മ്മ വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :