‘റെയില്‍വേ സ്റ്റേഷനുകള്‍ സ്വകാര്യവല്‍ക്കരിക്കണം’

ഗുവാഹത്തി| Last Modified ശനി, 29 നവം‌ബര്‍ 2014 (21:14 IST)
രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകള്‍ സ്വകാര്യവല്‍ക്കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. റെയില്‍വേ സ്റ്റേഷനുകള്‍ വിമാനത്താവളങ്ങളെക്കാള്‍ മികച്ചതാകണം. 100 വര്‍ഷം മുന്‍പ് എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഇപ്പോഴും നമ്മുടെ റെയില്‍വേ സ്റ്റേഷനുകള്‍. റെയില്‍വേയെ ആശ്രയിക്കുന്ന സാധാരണ ജനങ്ങള്‍ക്ക് മികച്ച സംവിധാനങ്ങള്‍ ലഭ്യമാക്കണമെന്നും മോഡി പറഞ്ഞു. മേഘാലയിലെ ആദ്യ ട്രെയിന്‍ മെന്ദിപന്തര്‍- ഗുവാഹത്തി പാസഞ്ചര്‍ ഫ്ലാഗ് ഓഫ് ചെയ്തതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

റെയില്‍വേയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ദിവസമാണിന്ന്. ഇന്ത്യാ രാജ്യത്തെ ഒരു സംസ്ഥാനം ഇന്നു റെയില്‍വേയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ റയില്‍, റോഡ് എന്നിവ വഴി മറ്റു രാജ്യങ്ങളുമായി ബന്ധിക്കപ്പെടണം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ എനിക്ക് പ്രത്യേക താല്‍പര്യമുണ്ട്. ഇവയുടെ വളര്‍ച്ച ഇന്ത്യയെ ഇനിയും ഉയരങ്ങളിലെത്തിക്കും. അതിന് അടിസ്ഥാന സൌകര്യ വികസനം വേണം. വികസനത്തിന്റെ പാതയില്‍ അടിസ്ഥാന സൌകര്യങ്ങള്‍ക്ക് പ്രധാന സ്ഥാനമുണ്ടെന്നും മോഡി വ്യക്തമാക്കി.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മികച്ച നെറ്റ്വര്‍ക്ക് സംവിധാനം ലഭിച്ചാല്‍ നമ്മുടെ യുവാക്കള്‍ക്ക് ഡല്‍ഹിയിലോ ബാംഗൂരിലോ പോയി ജോലി ചെയ്യേണ്ട ആവശ്യമില്ല. അതേ ജോലി അവര്‍ക്ക് ഇവിടെയിരുന്നു ചെയ്യാനാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റയില്‍വേ യൂണിവേഴ്സിറ്റികള്‍ വേണം. അവിടെ നിന്നും പഠിച്ചിറങ്ങുന്ന യുവാക്കള്‍ക്ക് റയില്‍വേയ്ക്കു വേണ്ടി പ്രവര്‍ത്തിക്കാനാവുമെന്നും മോഡി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :