കേന്ദ്രസര്‍ക്കാരിനെതിരെ സംഘപരിവാര്‍ പ്രക്ഷോഭത്തിന്...!

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 8 ഏപ്രില്‍ 2015 (14:23 IST)
കേന്ദ്രം ഭരിക്കുന്നത് സംഘപരിവാര്‍ സംഘടനയായ ബിജെപിയാണെങ്കിലും ജനവിരുദ്ധ നയങ്ങളെന്ന് പ്രതിപക്ഷം ആരോപിക്കുന്ന ഭൂമിയേറ്റെടുക്കല്‍ നിയമം, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ മോഡി സര്‍ക്കാരിനെതിരെ പരിവാര്‍ സംഘടനകളായ ബാരതീയ മസ്ദൂര്‍ സംഘും, സ്വദേശീ ജാഗരണ്‍ മഞ്ചും പ്രക്ഷോഭത്തിനൊരുങ്ങുന്നതായാണ് സൂചന. വിവാദമായ ഭൂമിയേറ്റെടുക്കല്‍ നിയമത്തിനെതിരെ സ്വദേശി ജന പാര്‍ലമെന്റ് സംഘടിപ്പിക്കാനാണ് സ്വദേശീ ജാഗരണ്‍ മഞ്ച് പദ്ധതിയിട്ടിരിക്കുന്നത്.

മേയ് അഞ്ചിന് പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലായിരിക്കും പ്രതിഷേധം. ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് കര്‍ഷക വിരുദ്ധമെന്നാരോപിച്ചാണ് പ്രതിഷേധം. സര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിനു പുറമെ ജനിതക മാറ്റം വരുത്തിയ ഭക്ഷ്യ വിളകള്‍ കൃഷി ചെയ്യാനുള്ള നീക്കവും പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. സംഘടനയുടെ നേതൃയോഗത്തില്‍ മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. നേരത്തെ മോഡി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുമെന്ന് സംഘടന മാതൃസംഘടനയായ ആര്‍ എസ് എസിനോട് പറഞ്ഞിരുന്നു.

അതിനിടെ കേന്ദ്ര ധനമന്ത്രിയുടെ ബജറ്റ് നിര്‍ദ്ദേശത്തില്‍ ഇ എസ് ഐ ഗുണഭോക്താക്കളെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശത്തിനെതിരെ സംഘപരിവാറിലെ തൊഴിലാളി സംഘടനയാ‍യ ബി എം എസ് രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയനാണ് ബി എം എസ്. ബി എം എസിന്റെ നേതൃത്വത്തിലുള്ള സംയുക്ത ട്രേഡ് യൂണിയനാണ് ഈ നീക്കത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇ എസ് ഐ ഫണ്ട് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നാണ് ബി എം എസ് ഉള്‍പ്പെടെയുള്ള ട്രേഡ് യൂ‍ണിയനുകള്‍ ഉയര്‍ത്തിയിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :