ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ശനി, 24 മെയ് 2014 (11:48 IST)
ദിവസങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വത്തിനവസാനം മോഡിയുടെ സ്ത്യപ്രതിജ്ഞയ്ക്ക് പാക് പ്രാധാനമന്ത്രി നവാസ് ഷെരീഫ് പങ്കെടുക്കുമെന്ന് ഉറപ്പായി. പാക് വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി എത്തുമെന്ന് നവാസ് ഷെരീഫിന്റെ വസതിയില്‍ നിന്നുള്ള ഔദ്യോഗികവക്താവ് മാധ്യമങ്ങളെ അറിയിച്ചു.
സത്യപ്രതിജ്ഞാചടങ്ങിനു ശേഷം മോഡിയുമായി അടുത്തയാഴ്ച ഷെരീഫ് ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ മോദിയുമായി ചര്‍ച്ച നടത്താന്‍ നവാസ് ഷെരീഫ് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
പാക് വിദേശകാര്യ മന്ത്രാലയവിം അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഐഎസ്‌ഐയുടെയും സൈന്യത്തിന്റെയും കടുത്ത എതിര്‍പ്പ് തീരുമാനത്തിനെതിരെയുണ്ടായിരുന്നു. കൂടാതെ പാക്കിസ്ഥാനിലെ ചില മാധ്യമങ്ങളും തെഹ്‌രീക് ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാനും ഈ കാര്യത്തില്‍ ഷെരീഫിനെതിരായിരുന്നു.
സത്യപ്രതിജ്ഞാചടങ്ങില്‍ നവാസ് ഷെരീഫ് പങ്കെടുക്കണമെന്ന് മകള്‍ മറിയവും ട്വിറ്ററില്‍ അറിയിച്ചിരുന്നു. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള അവസരമാണ് മോഡിയുടെ ക്ഷണമെന്നും ഷെരീഫിന്റെ മകള്‍ പറഞ്ഞു.
നേരത്തെ, നവാസ് ഷെരീഫ് ഇന്ത്യയിലെത്തുമെന്ന് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. സീ ന്യൂസ് മീഡിയ പാക് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച ഇ-മെയിലിന് വെള്ളിയാഴ്ച രാത്രി നല്‍കിയ മറുപടിയിലാണ് ഈ വിവരം അറിയിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച് പാക്കിസ്ഥാന്റെ വെള്ളിയാഴ്ച ഔദ്യോഗിക തീരുമാനം സ്വീകരിച്ചിരുന്നില്ല.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പാക് പ്രധാനമന്ത്രി എത്തുന്നത്. സൈന്യത്തിന്റെയും പാക് ചാര സംഘടനയുടെയും കടുത്ത എതിര്‍പ്പിനിടെയും ചടങ്ങില്‍ എത്താന്‍ തീരുമാനിച്ചതിലൂടെ ഷെരീഫ് മുന്‍ നേതാക്കളില്‍ നിന്നും വ്യത്യസ്തമായി ആര്‍ജവത്തിന്റെ അധ്യായം കൂടിയാണ് എഴുതി ചേര്‍ത്തിരിക്കുന്നത്.