നഗരം എങ്ങനെ വികസിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാകണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി| VISHNU N L| Last Updated: വ്യാഴം, 25 ജൂണ്‍ 2015 (17:02 IST)
രാജ്യത്തെ നഗരവികസനത്തിന് പുതിയ തുടക്കം കുറിച്ച് എന്‍ഡിഎ സര്‍ക്കാര്‍ മൂന്ന് പദ്ധതികള്‍ക്ക് തുടക്കമിട്ടു. ജനങ്ങളുടെ മെച്ചപ്പെട്ട ജീവതനിലവാരം ലക്ഷ്യമിടുന്ന സ്മാര്‍ട്ട്‌സിറ്റി, അമൃത് മിഷന്‍, എല്ലാവര്‍ക്കും വീട് എന്നീ പദ്ധതികളുടെ മാര്‍ഗരേഖ പ്രധാനമന്ത്രി നരേന്ദ്രമോഡി ഡല്‍ഹിയില്‍ പുറത്തിറക്കി.

നാല് ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്തിറക്കിയത്. പദ്ധതികൾ പുറത്തിറക്കുന്നതിനൊപ്പം സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട മന്ത്രിമാർ, ചീഫ് സെക്രട്ടറിമാർ, മുനിസിപ്പാലിറ്റി അധ്യക്ഷൻമാർ, മേയർമാർ തുടങ്ങിയവരുമായി രണ്ടു ദിവസത്തെ വർക്ക്ഷോപ്പ് നടത്തും. ഇതിനു ശേഷമാകും അന്തിമതീരുമാനം എടുക്കുക.

അവശ്യ അടിസ്ഥാന സൗകര്യവും ശുചിത്വവുമാണ് അമൃത് പദ്ധതി വിഭാവനം ചെയ്യുന്നത്. അതേസമയം, പിഎംഎവൈ ദരിദ്രജനങ്ങൾക്കു ഭവനം ഉറപ്പു നൽകുന്നു. രാജ്യമെങ്ങും 100 സ്മാർട് നഗരങ്ങൾ സ്ഥാപിക്കലാണ് സ്മാർട് സിറ്റി പദ്ധതി. ഉയർന്ന ഗുണമേന്മയുള്ള അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യയെ കൂട്ടുപിടിച്ച് സേവനങ്ങൾ, ശുദ്ധമായ പരിസ്ഥിതി തുടങ്ങിയവയാണ് സ്മാർട് നഗരങ്ങളുടെ മുഖമുദ്ര. ഈ നഗരങ്ങളായിരിക്കും വികസനത്തിന്റെ എൻജിൻ.

രാജ്യത്തെ നഗരങ്ങളുടെ ഭാവിയില്‍ പ്രാദേശിക ഭരണകൂടവും ജനങ്ങളും പങ്കെടുക്കുന്ന ഭാരതത്തിലെ ആദ്യ ചുവടുവെയ്‌പെന്നാണ് പ്രധാനമന്ത്രി പദ്ധതികളെ വിശേഷിപ്പിച്ചത്. ഒരു നഗരം എങ്ങനെ വികസിക്കണമെന്ന് തീരുമാനിക്കേണ്ടത് സ്വകാര്യ കെട്ടിട നിര്‍മാതാക്കള്‍ ആകരുതെന്നും അവിടുത്തെ ജനങ്ങളും പ്രാദേശിക ഭരണകര്‍ത്താക്കളുമാകണം ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭരണാധികാരികള്‍ ഇതുപോലെ ചിന്തിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഫലമുണ്ടായേനെയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ലോകനിലവാരത്തിലുള്ള സൗകര്യങ്ങളോടുകൂടിയാവും 100 സ്മാര്‍ട്ട് സിറ്റികള്‍ വികസിപ്പിക്കുകയെന്ന് നഗരവികസനമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ഒരുലക്ഷം ജനസംഖ്യയുള്ള 500 നഗരങ്ങളില്‍ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുകയാണ് അമൃത് മിഷന്റെ ലക്ഷ്യം. ഭാവിയിലെ സ്മാര്‍ട്ട്‌സിറ്റികളായിരിക്കും അമൃത് മിഷന്‍ നഗരങ്ങള്‍. നഗരങ്ങള്‍ വികസിപ്പിക്കുന്നതില്‍ സംയോജിത പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും മൂന്ന് പദ്ധതികളും അതിലേക്കുള്ള ചുവടുവെയ്പാണെന്നും മന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :