മൊബൈല്‍ സേവനദാതാക്കളുടെ പിഴവുകള്‍ക്ക് ഇനി ഉപഭോക്താക്കള്‍ പണം നല്‍കേണ്ടതില്ല

VISHNU N L| Last Modified വ്യാഴം, 4 ജൂണ്‍ 2015 (14:19 IST)
മൊബൈല്‍ സേവനദാതാക്കളുടെ സാങ്കേതിക തകരാറുകള്‍ കാരണം ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന അസൌകര്യങ്ങള്‍ക്ക് പിഴ നല്‍കണമെന്ന നിര്‍ദ്ദേശം കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ പരിഗണനയില്‍. സംസാരത്തിന്റെ കോള്‍ മുറിഞ്ഞുപോവുക, സംസാരം വ്യക്തമായി കേള്‍ക്കാതാകുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ സംസാരത്തിന് ഉപഭോക്താവില്‍ നിന്ന് ഇടാക്കിയ ടോക്ടൈം തിരികെ നല്‍കണമെന്ന നിര്‍ദ്ദേശമാണ് പരിഗണനയില്‍ ഉള്ളത്.

രാജ്യത്തെ മിക്ക സേവന ദാതാക്കളുടെയും നെറ്റ്വര്‍ക്കുകളില്‍ ഡ്രോപ് കോളുകള്‍ പതിവായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം വരാന്‍ പോകുന്നത്. സേവനദാതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന പിഴവുകള്‍ക്ക് ഉപഭോക്താക്കള്‍ പണം നല്‍കേണ്ടതില്ല എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനുള്ളത്.
കഴിഞ്ഞ വര്‍ഷം ഇതേ ആവശ്യം കേന്ദ്ര ടെലികോ മന്ത്രി രവിശങ്കര്‍ പ്രസാദ് ഉന്നയിച്ചിരുന്നു. ഇപ്പോള്‍ മൊബൈല്‍ സേവന ദാതാക്കളൊട് രൂക്ഷമായ ഭാഷയിലാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം ആവശ്യത്തിന് സ്പെക്ട്രവും, ടവറുകള്‍ സ്ഥാപിക്കാന്‍ സൌകര്യങ്ങളും ലഭിക്കാത്തതാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളാണ് ഇടപെടേണ്ടതെന്നും സേവനദാതാക്കളുടെ കൂട്ടായ്മ പറയുന്നു. എന്നാല്‍ കോളുകള്‍ ഡ്രോപ്പൌട്ട് ആകുന്നത് കണ്ടെത്താനുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമാകാത്തതിനാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം എത്രകണ്ട് പ്രാവര്‍ത്തികമാകുമെന്ന് കാണേണ്ടിയിരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :