ദുരഭിമാനക്കൊല: മകളെയും കൊലപ്പെടുത്താൻ പിതാവ് പദ്ധതിയിട്ടിരുന്നതായി പൊലീസ്

കൊലപാതകം നടത്താനുദ്ദേശിച്ചതിന്റെ തലേദിവസം പിതാവായ ചിന്നസ്വാമി സ്നേഹം നടിച്ചു മകളെ ഫോണിൽ വിളിച്ചു വിവരങ്ങൾ ശേഖരിക്കുകയും അതിനു ശേഷം ആ വിവരങ്ങളെല്ലാം ക്വട്ടേഷൻ സംഘത്തലവനു കൈമാറുകയും ചെയ്തുയെന്ന് പൊലീസ്

മറയൂർ, കൊലപാതകം, കുമാരലിംഗം, ഉദുമൽപേട്ട, പൊലീസ് marayur, murder, kumaralingam,police, udumalpetta
മറയൂർ| Sajith| Last Updated: വ്യാഴം, 17 മാര്‍ച്ച് 2016 (08:34 IST)
താഴ്‌ന്ന ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ സ്വന്തം മകളെയും ഭർത്താവിനെയും ഒരുമിച്ചു കൊലപ്പെടുത്താനാണ് പിതാവ് പദ്ധതിയിട്ടിരുന്നതായി പൊലീസ്. കൊലപാതകം നടത്താനുദ്ദേശിച്ചതിന്റെ തലേദിവസം പിതാവായ ചിന്നസ്വാമി സ്നേഹം നടിച്ചു മകളെ ഫോണിൽ വിളിച്ചു വിവരങ്ങൾ ശേഖരിക്കുകയും അതിനു ശേഷം ആ വിവരങ്ങളെല്ലാം ക്വട്ടേഷൻ സംഘത്തലവനു കൈമാറുകയും ചെയ്തുയെന്ന് പൊലീസ് കണ്ടെത്തി.

കുമാരലിംഗം സ്വദേശിയായ ശങ്കർ (22) ആണു കഴിഞ്ഞ ഞായറാഴ്ച ബസ് സ്റ്റാൻഡിനു സമീപം ഗുണ്ടാ സംഘത്തിന്റെ വെട്ടേറ്റു മരിച്ചത്. ശങ്കറിനൊപ്പമുണ്ടായിരുന്ന ഭാര്യ കൗസല്യയ്ക്കും മാരകമായി വെട്ടേറ്റിട്ടുണ്ട്. വ്യക്തമായ ആസൂത്രണത്തോടെയായിരുന്നു ശങ്കർ, കൗസല്യ എന്നിവരെ കൊലപ്പെടുത്താൻ കൗസല്യയുടെ പിതാവായ ചിന്നസ്വാമി പദ്ധതി തയാറാക്കിയത്.

പണം ആവശ്യമുണ്ടോ എന്നു ചിന്നസ്വാമി മകളോട് ചോദിച്ചിരുന്നു. എന്നാല്‍ പിതാവിന്റെ പണം ആവശ്യമില്ലെന്നും സാധനങ്ങളും വസ്ത്രങ്ങളും വാങ്ങാനായി അടുത്ത ദിവസം ഉദുമൽപേട്ടയിലേക്കു പോകുമെന്നും കൗസല്യ അറിയിച്ചു. തുടർന്നു വിവരങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കിയ ചിന്നസ്വാമി ക്വട്ടേഷൻ തലവനായ ധൻരാജിനോട് ഇതെല്ലാം വിശദീകരിക്കുകയായിരുന്നു.

ക്വട്ടേഷൻ സംഘത്തലവൻ ധൻരാജ് ഇപ്പോഴും ഒളിവിലാണ്. അയാള്‍ക്കയുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതികളായ ഡിണ്ടിഗൽ ബാലകൃഷ്‌ണപുരം ജഗദീശൻ (31),
‍ഡിണ്ടിഗൽ അമ്മൻകോവിൽ തെരുവിൽ ശെൽവകുമാർ (25), പഴനി രാമർകോവിൽ തെരുവിൽ മണികണ്‌ഠൻ (25), പട്ടിവീരൻപെട്ടി അന്നാനഗർ സ്വദേശി മണികണ്‌ഠൻ (39), ഡിണ്ടിഗൽ മൈക്കിൾ (മദൻകുമാർ–32) എന്നിവരെ ഉദുമൽപേട്ട ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.

ഗുരുതര പരുക്കുകളോടെ കൗസല്യ കോയമ്പത്തൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ശങ്കറിന്റെ കുടുംബത്തിനു തമിഴ്‌നാട്‌ സർക്കാർ 5.62 ലക്ഷം രൂപ നൽകി. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ശങ്കറിന്റെ വീട്ടിലെത്തി അന്വേഷണം തുടങ്ങി. ശങ്കറിനെ കൊലപ്പെടുത്തിയ ശേഷം ജഗദീശന്റെ വീട്ടിൽ പ്രതികൾ ഒളിവിൽ താമസിക്കുന്നതിനിടെയായിരുന്നു ഇവരെ പൊലീസ് പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :