ഭൂമിയേറ്റെടുക്കല്‍ നിയമം, മോഡി മുട്ടുമടക്കി

ന്യൂഡൽഹി| VISHNU N L| Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2015 (13:32 IST)
വ്യാപക എതിര്‍പ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമിയേറ്റെടുക്കല്‍ നിയമം ഉപേക്ഷിക്കുന്നു. പകരം യു‌പി‌എ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം തന്നെ പ്രാബല്യത്തിലാക്കും. ഓർഡിനൻസ് ഇറക്കാതെ നിയമമായി തന്നെ ഇനി ബിൽ കൊണ്ടു വരാനാണ് നീക്കം. സാമ്പത്തിക പരിഷ്‌കാരനടപടികളുടെ ഭാഗമായി കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കൽ ബില്ലിലെ വിവാദമായ ആറു ഭേദഗതികളാണ് ഉപേക്ഷിക്കുക.

കർഷകവിരുദ്ധമെന്ന് ആരോപിക്കപ്പെട്ട ഭേദഗതികൾക്കെതിരെ കടുത്ത എതിർപ്പാണ് ഉയർന്നു വന്നത്. ഭേദഗതിക്കായി കഴിഞ്ഞ മാർച്ചിൽ ലോക്‌സഭയിൽ അവതരിപ്പിച്ച ബിൽ പാസായെങ്കിലും സർക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ടത്. 30 അംഗ സംയുക്ത പാർലമെന്ററി സമിതിയിൽ 17 അംഗങ്ങള്‍ ഭേദഗതികള്‍ക്കെതിരെ രംഗത്ത് വന്നതൊടെയാണ് ഇവ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

സമിതിയുടെ സിറ്റിംഗിൽ എൻഡിഎ ഘടകകക്ഷിയായ ശിവസേന ഉൾപ്പെടെ 17 അംഗങ്ങൾ അദ്ധ്യക്ഷൻ എസ് എസ് അലുവാലിയ അടക്കം 13 ബിജെപി അംഗങ്ങളെ ഒറ്റപ്പെടുത്തി. വിവാദ ഭേദഗതികളെ എതിർത്തു. വോട്ടിനിട്ടാൽ തോൽക്കുമെന്ന ഘട്ടത്തിൽ ഭേദഗതി പിൻവലിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. സ്ഥലം ഏറ്റെടുക്കൽ മൂലം നഷ്ടം സംഭവിക്കുന്ന സ്ഥലം ഉടമകൾ, വാടകക്കാർ, ഭൂമിയെ ആശ്രയിച്ചു കഴിയുന്നവർ തുടങ്ങിയവരുടെ മുൻകൂർ അനുവാദം ആവശ്യമില്ലെന്ന വ്യവസ്ഥയാണ് പിൻവലിക്കുന്നതിൽ പ്രധാനം.

സാമൂഹ്യ ആഘാത പഠനം ഒഴിവാക്കൽ, അഞ്ചു മേഖലകളെ മുൻ അനുമതിയിൽ നിന്ന് ഒഴിവാക്കൽ എന്നിവയും വേണ്ടെന്നു വച്ചു. പ്രതിരോധം, ഗ്രാമീണ അടിസ്ഥാന വികസനം, ചെലവുകുറഞ്ഞ പാർപ്പിട പദ്ധതി, വ്യാവസായിക കോറിഡോർ, സാമൂഹിക അടിസ്ഥാന വികസനം എന്നിവയ്ക്ക് സ്ഥലം ഏറ്റെടുക്കാൻ പ്രത്യേക പരിഗണന. നഷ്ടം സംഭവിക്കുന്ന കുടുംബങ്ങളിൽ 70മുതൽ 80 ശതമാനം പേരുടെ അനുമതി തേടണമെന്ന നിബന്ധന ഈ മേഖലകൾക്ക് ബാധകമാവില്ല.

വ്യാവസായിക കോറിഡോറുകളുടെ ഭാഗമായ റെയിൽ, റോഡ് എന്നിവയുടെ ഇരുവശത്തും ഒരു കിലോമീറ്റർ വരെ ഭൂമി ഏറ്റെടുക്കാമെന്ന വ്യവസ്ഥയും ഒഴിവാക്കും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തൽ, ബില്ലിലെ വ്യവസ്ഥകളിൽ സ്വകാര്യ കമ്പനി എന്നതുമാറ്റി സ്വകാര്യ വസ്തു എന്നാക്കലും വേണ്ടെന്നു വയ്ക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :