ലാലു പ്രസാദിന്റെ മൂത്ത മകന് ഇളയ മകനേക്കാള്‍ പ്രായം കുറവ് !

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (17:17 IST)
ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മക്കളുടെ നാമനിര്‍ദേശ പത്രികയുമായി ബന്ധപ്പെട്ട് പുതിയ വിവാദം.ലാലുപ്രസാദ് യാദവിന്റെ മൂത്ത മകന്‍ തേജ് പ്രതാപ് യാദവും ഇളയ മകന്‍ തേജസ്വി യാദവും സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണ് ഇരുവരുടെയും വയസ്സ് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായത്.

കഴിഞ്ഞദിവസം പിതാവ് ലാലു പ്രസാദ് യാദവിന്റെ സാന്നിധ്യത്തിലാണ് തേജ് പ്രതാപ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. തേജസ്വി കഴിഞ്ഞ ശനിയാഴ്ചയാണ് പത്രിക സമര്‍പ്പിച്ചത്. നാമനിര്‍ദേശ പത്രികയില്‍ തേജ് പ്രതാപിന് 25 വയസ്സും തേജസ്വിക്ക് 26 വയസ്സുമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, തേജസ്വിക്ക് 26 വയസ്സാണെന്നും ജ്യേഷ്ഠനായ തേജ് പ്രതാപിന് 28 വയസ്സാണെന്നുമാണ് ലാലു പ്രസാദിന്റെ കുടുംബത്തോട് അടുത്ത ബന്ധുക്കള്‍ പറയുന്നത്.

എന്നാല്‍ നാമനിര്‍ദേശ പത്രികയില്‍ ഇത്തരമൊരു തെറ്റ് കടന്നുവന്നത് എങ്ങനെയെന്ന് കാര്യം അറിയില്ലെന്നും ഇരുവരുടെയും നാമനര്‍ദേശ പത്രികകള്‍ പൂരിപ്പിച്ചവര്‍ക്ക്
പറ്റിയ അബദ്ധമാണിതെന്നുമാണ് ലാലുവിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇരുവരുടെയും വയസ്സ് സംബന്ധിച്ചുണ്ടായ തെറ്റിനെക്കുറിച്ച് പ്രതികരിക്കാന്‍ ലാലുവോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ ഇതുവരെ തയാറായിട്ടില്ല.

തേജ്പ്രതാപിന് 1.12 കോടി രൂപയുടെ സ്വത്തുണ്ടെന്നും 18 ലക്ഷം രൂപ ലോണ്‍ എടുത്തിട്ടുണ്ടെന്നും നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. അതേസമയം തേജസ്വിക്ക് 1.40 കോടിയുടെ സ്വത്തുണ്ടെന്നും 34 ലക്ഷം രൂപ ലോണെടുത്തിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വയസ്സ് സംബന്ധിച്ചുള്ള വിവാദം ചൂടുപിടിക്കുന്നതിനിടെ അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആര്‍.ലക്ഷ്മണന്‍ വിശദീകരണവുമായി രംഗത്തെത്തി. സ്ഥാനാര്‍ഥികളില്‍ നിന്നും നാമനിര്‍ദേശ പത്രികയും അതിനോടൊപ്പം സത്യവാങ്മൂലവും സ്വീകരിക്കുക മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്യാറുള്ളതെന്നും അവയില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :