ലളിത് മോഡിക്ക് സഹായം ചെയ്തുവെന്ന് സുഷമ; രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

ന്യൂഡല്‍ഹി| VISHNU N L| Last Updated: ഞായര്‍, 14 ജൂണ്‍ 2015 (13:38 IST)
ഐപിഎൽ വാതുവയ്പ് കേസിന്റെ പേരില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നടപടി നേരിടുന്ന ലളിത് മോഡിക്ക് വഴിവിട്ട സഹായം ചെയ്തു എന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. യു‌കെയ്ക്ക് പുറത്തേയ്ക്ക് യാത്രാനുമതി ലഭിക്കാനാവശ്യമായ സഹായം മോഡിക്ക് സുഷമ ചെയ്തു നല്‍കിയതായാണ് ആരോപണം. 2010 ലെ ഐ.പി.എല്ലിന്റെ ഫൈനൽ മൽസരം അവസാനിച്ചതിന് പിന്നാലെ, സാമ്പത്തിക ആരോപണങ്ങളുടെ പേരിൽ ലളിത് മോഡിയെ ഐപിഎൽ ചെയർമാൻ കമീഷണർ സ്ഥാനത്ത് നിന്ന് ബിസിസിഐ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.

ഇതേത്തുടർന്നാണ് ലളിത് മോഡിക്ക് യുകെയ്ക്ക് പുറത്തുപോകുന്നതിനുള്ള അനുമതിന്‍ നിഷേധിക്കുകയും അയാളുടെ യാത്രാരേഖകള്‍ പിടിച്ചുവയ്ക്കുകയും ചെയ്തിരുന്നു. അതേസമയം ഇയാള്‍ക്ക് യാത്രാരേഖകള്‍ ശരിയാക്കി നല്‍കണമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായി സുഷമാ സ്വരാജ് സ്ഥിരീകരിച്ചു. ജൂലൈ 2014 ൽ ഭാര്യയ്ക്ക് കാൻസറാണെന്നും പോർച്ചുഗലിൽ ഓഗസ്റ്റ് നാലിന് സർജറി തീരുമാനിച്ചിരിക്കുകയാണെന്നും പറഞ്ഞിരുന്നു. സർജറിക്കാവശ്യമായ രേഖകളിൽ ഒപ്പുവയ്ക്കുന്നതിന് തന്റെ സാന്നിധ്യം വേണമെന്നും യാത്രയ്ക്കാവശ്യമായ രേഖകൾ ലണ്ടനിൽ നൽകിയിട്ടുണ്ടെന്നും അറിയിച്ചിരുന്നു. മനുഷ്യത്വപരമായ നിലപാടിന്റെ ഭാഗമായാണ് താൻ സഹായം നൽകിയത് - സുഷമ സ്വരാജ് പറഞ്ഞു.

മോഡിയുടെ യാത്രാരേഖകൾ ബ്രിട്ടനിലെ നിയമങ്ങൾക്ക് അനുസരിച്ച് പരിശോധിച്ചതിനുശേഷം കുഴപ്പങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയാൽ യാത്രയ്ക് അനുമതി നൽകാമെന്നാണ് ഹൈക്കമ്മിഷണറോട് പറഞ്ഞിരുന്നതെന്ന് സുഷമാ സ്വരാജ് പറഞ്ഞു. മോഡിയുടെ യാത്ര ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള നയതന്ത്രബന്ധത്തെ ബാധിക്കില്ലെങ്കിൽ മാത്രം അനുമതി നൽകിയാൽ മതിയെന്നു പറഞ്ഞിരുന്നുവെന്നും സുഷമാ സ്വരാജ് ട്വിറ്ററിൽ കുറിച്ചു.

അതേസമയം, ഇന്ത്യൻ സർക്കാരിന് ലളിത് മോഡിയുടെ വിദേശയാത്രയിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്ന് സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നുവെന്ന് വാസ് യുകെ ഇമിഗ്രേഷൻ ഓഫിസിലേക്കയച്ച കത്തിൽ പറഞ്ഞിട്ടുണ്ട്. സംഭവം വിവാദമായതൊടെ ലളിത് മോഡിയുടെ വിദേശയാത്രാ രേഖകൾ തയാറാക്കി നൽകിയ സുഷമാ സ്വരാജ് രാജി വയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതിലിടപെടണമെന്നും അന്വേഷണം നടത്തണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :