ന്യൂഡല്‍ഹി|
സജിത്ത്|
Last Modified ചൊവ്വ, 20 ഡിസംബര്‍ 2016 (15:33 IST)
സമാധാനം സംരക്ഷിക്കുന്നതില്‍ കിര്‍ഗിസ്ഥാന്‍ ഇന്ത്യയുടെ പങ്കാളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദം, തീവ്രവാദം തുടങ്ങിയ ഭീഷണികള്‍ക്കെതിരായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് ഇന്ത്യ സന്ദര്‍ശിക്കുന്ന കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് അറ്റംബയേവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷമാണ് ഇരു രാഷ്ട്ര തലവന്‍മാരും നടത്തിയ സംയുക്ത പ്രസ്താവനയില്‍ പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
പ്രതിരോധം അടക്കമുള്ള എല്ലാ മേഖലകളിളും ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ചര്‍ച്ച നടന്നതായി മോദി പറഞ്ഞു. സമാധാനവും സംതുലനാവസ്ഥയും നിലനിര്‍ത്തുന്നതില്‍ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് കിര്‍ഗ്ഗിസ്ഥാനെന്നും സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനായി അറ്റംബയേവുമായി ചര്‍ച്ചകള്‍ നടത്തിയെന്നും പ്രധാനമന്ത്രി അറിയിച്ചു.
അതേസമയം, ഇന്ത്യയില്‍ തനിക്കു ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് അറ്റംബയേവ് തന്റെ പ്രസംഗത്തില്‍ നന്ദി അറിയിച്ചു. നാലു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനാണ് അറ്റംബയേവ് ഇന്ത്യൈല്‍ എത്തിയത്. ഇന്ന് രാഷ്ട്രപതി ഭവനില്‍ അദ്ദേഹത്തിന് സ്വീകരണവും നല്‍കി. വൈകുന്നേരം രാഷ്ട്രപതി പ്രണവ് മുഖര്‍ജി അദ്ദേഹത്തിനായി വിരുന്നു സല്‍കാരവും നടത്തുന്നുണ്ട്.