കോഴിക്കോട് വിമാനത്താവളത്തില്‍ ചരക്കു കയറ്റിറക്കുമതിക്ക് അനുമതി

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 2 ഏപ്രില്‍ 2015 (10:48 IST)
കോഴിക്കോട് വിമാനത്താവളത്തില്‍ ചരക്കു കയറ്റിറക്കുമതിക്ക് അനുമതി നല്‍കിയതായി മോഡി സര്‍ക്കാരിന്റെ പുതിയ വിദേശ വ്യാപാര നയത്തില്‍ (2015-2020) പ്രഖ്യാപിച്ചു. കേരളത്തിന് ഏറെ പ്രയോജനം ചെയ്യുന്ന നടപടികള്‍ വ്യാപാര നയത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാന വിപണികളിലേക്കു കയറ്റുമതി ആനുകൂല്യം നല്‍കുന്ന ഉല്‍പന്നങ്ങളില്‍ റബറിനെ ഉള്‍പ്പെടുത്തിയതായി വിദേശ വ്യാപാര നയം അവതരിപ്പിച്ച കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. കൂടാതെ തേയില, കാപ്പി, സുഗന്ധ വ്യഞ്ജനങ്ങള്‍, സമുദ്രോല്‍പന്നങ്ങള്‍, കയര്‍, കൈത്തറി തുടങ്ങിയവയ്ക്ക് ആഗോള വിപണികളിലേക്കെല്ലാം കയറ്റുമതി ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. ഇത് ഏറെ നേട്ടമുണ്ടാകുക കേരളത്തിനാകും.

എന്നാല്‍ റബര്‍, കാപ്പി കൃഷികള്‍, സുഗന്ധ വ്യഞ്ജന കൃഷികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപീക്കാനുള്ള നിര്‍ദ്ദേശങ്ങളും നയത്തില്‍ പ്രഖ്യാഡപിച്ചിട്ടുണ്ട്. ഇത് മേഖലയിലെ കേരളത്തിനുള്ള കുത്തക തകരാന്‍ ഇടയാക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് മുന്‍തൂക്കം നല്‍കുന്ന തരത്തിലാണ് നയം പ്രഖ്യാപിച്ചിരിക്കുന്നത്.

ഉല്‍പന്ന ബോര്‍ഡുകള്‍ പുനഃസംഘടിപ്പിക്കുക, തോട്ടവിളകള്‍ വ്യാപിപ്പിക്കുക, ചരക്കു കയറ്റുമതി പദ്ധതി (എംഇഐഎസ്), സേവനകയറ്റുമതി പദ്ധതി (എസ്ഇഐഎസ്), ചൈന, ആസിയാന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കല്‍ എന്നിവയാണ് പുതിയ വ്യാപര നയത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :