Kerala Budget 2024: റെയിൽ ഉപേക്ഷിച്ചിട്ടില്ല, ഗതാഗത മേഖലയ്ക്ക് 1976 കോടി,മെയ്ക്ക് ഇൻ കേരള പദ്ധതിക്ക് 1829 കോടി

Kerala Budget 2024
അഭിറാം മനോഹർ| Last Updated: തിങ്കള്‍, 5 ഫെബ്രുവരി 2024 (10:54 IST)
കേരളത്തിന്റെ സമ്പദ് ഘടന സൂര്യോദയം സമ്പദ്ഘടനയായി മാറിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ശ്രമങ്ങള്‍ ഫലം കണ്ടു തുടങ്ങി. കേന്ദ്രം സാമ്പത്തികമായ ഉപരോധത്തിലേക്ക് നീങ്ങിയെങ്കിലും കേരളം തളരില്ല., കേരളത്തെ തകര്‍ക്കാനാവില്ല എന്നുറപ്പിച്ചാണ് മുന്നോട്ട് പോകുന്നത്. അടുത്ത 3 വര്‍ഷത്തില്‍ 3 കോടിയുടെ നിക്ഷേപം സംസ്ഥാനത്ത് കൊണ്ടുവരും. സിയാല്‍ മോഡലില്‍ പുതുതലമുറ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കും. ഇതിനായി നിയമ നിര്‍മാണം നടത്തും. വിഴിഞ്ഞം പോര്‍ട്ട് മെയ് മാസത്തില്‍ തുറക്കും. വലിയ പ്രതീക്ഷയാണ് പദ്ധതിയെ പറ്റിയുള്ളത്.

കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് 500 കോടി നല്‍കും. ദേശീയ തീരദേശ, മലയോര പാതകാളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. തിരുവനന്തപുരം മെട്രോ പദ്ധതിക്ക് അനുമതി തേടിയിട്ടുണ്ട്. വന്ദേഭാരത് വന്നതോടെ സില്‍വര്‍ ലൈന്‍ സംസ്ഥാനത്തിന് ആവശ്യമാണെന്ന് തെളിഞ്ഞു. ടൂറിസം സാങ്കേതിക മേഖലയിലെ പോരായ്മകള്‍ പരിഹരിക്കും. കേന്ദ്രത്തിന്റെ അവഗണന തുടരുകയാണെങ്കില്‍ പ്ലാന്‍ ബി ആലോചനയിലാണ്. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്നോട്ട് പോകില്ല.

നാല് വര്‍ഷം കൊണ്ട് നികുതി വരുമാനം വര്‍ധിച്ചു. ക്ഷേമ പെന്‍ഷന്‍കാരെ മുന്‍നിര്‍ത്തി മുതലെടുപ്പ് ശ്രമം നടക്കുന്നുണ്ട്. ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുന്നതല്ല നിലനിര്‍ത്തുന്നതാണ് എല്‍ഡിഎഫ് നയം. കേരളീയം പരിപാടിക്ക് അടുത്ത വര്‍ഷം 10 കോടി അനുവദിക്കും. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളം മാറുകയാണ്. പുതുതായി തുടങ്ങിയ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്കായി 3 പ്രാദേശിക കേന്ദ്രങ്ങള്‍ ആരംഭിക്കും. സര്‍വകലാശാലയ്ക്ക് വായ്പയെടുക്കാന്‍ അനുമതി നല്‍കും. കൊവിഡിന് ശേഷം വര്‍ക്ക് ഫ്രം ഹോം വ്യാപിക്കുന്നതിന് വര്‍ക്ക് പോഡുകള്‍ ഒരുക്കും.

ടൂറിസം മേഖലയില്‍ 5,000 കോടിയുടെ വികസന പദ്ധതി കൊണ്ടുവരും. കായിക മേഖലയില്‍ 5,000 കോടിയുടെ നിക്ഷേപം നടത്തും. 10,000 തൊഴിലവസരം ഒരുക്കും. കാര്‍ഷിക മേഖലയ്ക്ക് 1698 കോടി അനുവദിക്കും. നാളികേര വികസനത്തിന് 65 കോടി. 93.6 കോടി നെല്ല് ഉത്പാദനത്തിനും നാളികേര വികസന പദ്ധതിക്ക് 65 കോടിയും സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടിയും അനുവദിക്കും. ക്ഷീര വികസനത്തിന് 150 കോടി മൃഗ പരിപാലത്തിന് 535 കോടി.ഉള്‍നാടന്‍ മത്സ്യ ബന്ധനത്തിന് 80 കോടി. എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാാന്‍ 10 കോടിയും തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡ് വികസനത്തിന് 10 കോടിയും അനുവദിച്ചു.

2025ല്‍ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ഗുണഭോക്താക്കളുടെ എണ്ണം 5 ലക്ഷമാകും. ദീര്‍ഘകാല വായ്പ പദ്ധതികള്‍ ഉപയോഗിച്ച് വീട് നിര്‍മാണം വേഗത്തിലാക്കും. ശബരിമല മാസ്റ്റര്‍ പ്ലാനിന് 27.6 കോടി വകയിരുത്തി. കൊച്ചി ബെംഗളുരു വ്യവസായ ഇടനാഴിയുടെ ഭാഗമായി കൊച്ചി പാലക്കാട് റീച്ച് നിര്‍മാണത്തിന് 200 കോടി വകയിരുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :