കെജ്‌രിവാള്‍ ജയില്‍ മോചിതനായി

ന്യൂഡല്‍ഹി| Last Modified ബുധന്‍, 28 മെയ് 2014 (11:13 IST)
ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ജയില്‍ മോചിതനായി. നേരത്തെ ഹൈക്കോടതി ഉപദേശം സ്വീകരിച്ചു നിലപാടുമാറ്റിയ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സ്വന്തം ജാമ്യത്തില്‍ ജയില്‍ മോചിതനാക്കാന്‍ മെട്രോപ്പൊലീറ്റന്‍ മജിസ്ട്രേട്ട് ഉത്തരവിട്ടിരുന്നു.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നല്‍കിയ മാനനഷ്ടകേസിലാണ്, ജാമ്യത്തുക നല്‍കാന്‍ വിസമ്മതിച്ച കേജ്രിവാളിനെ ഈ മാസം 21നു രണ്ടു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. പിന്നീട്, കസ്റ്റഡി കാലാവധി ജൂണ്‍ ആറുവരെ ദീര്‍ഘിപ്പിക്കുകയായിരുന്നു. കെജ്‌രിവാളിന്റെ ഹര്‍ജിയില്‍ ഗഡ്കരിക്കും ഡല്‍ഹി സര്‍ക്കാരിനും ഹൈക്കോടതി നോട്ടിസ് അയച്ചു.

കെജ്‌രിവാളിന്റെ മോചനത്തിനായി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ബെഞ്ചാണ് സ്വന്തം ജാമ്യം നല്‍കി മോചനത്തിനു ശ്രമിക്കാന്‍ കെജ്‌രിവാളിനു വേണ്ടി ഹാജരായ അഭിഭാഷകരായ ശാന്തി ഭൂഷണ്‍, പ്രശാന്ത് ഭൂഷണ്‍ എന്നിവരോട് ഉപദേശിച്ചത്. തുടര്‍ന്ന് ഇരു അഭിഭാഷകരും തിഹാര്‍ ജയിലിലെത്തി കെജ്‌രിവാളുമായി ചര്‍ച്ചചെയ്തു. ഹൈക്കോടതി നിര്‍ദേശം സ്വീകരിക്കാന്‍ കെജ്‌രിവാള്‍ സന്നദ്ധനായതോടെ ജാമ്യത്തിന് വഴിതുറക്കുകയായിരുന്നു. പതിനായിരം രൂപയ്ക്കു തുല്യമായ സ്വന്തം ജാമ്യത്തിലാണ് മോചനം. ഹര്‍ജിയില്‍ ജൂലൈ 31ന് അന്തിമവാദം നടക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :