ന്യൂഡൽഹി|
VISHNU N L|
Last Modified വെള്ളി, 7 ഓഗസ്റ്റ് 2015 (10:14 IST)
കശ്മീരില്‍ പിടിയിലായ ഭീകരന് മുഹമ്മദ് നവീദ് പാക് പൗരനല്ലെന്ന് വാദത്തിന് തിരിച്ചടി. ഭീകരൻ മുഹമ്മദ് നവീദിന്റെ പിതാവ് മുഹമ്മദ് യാക്കൂബ് മകനെ അംഗീകരിച്ചു.
തനിക്കും കുടുംബത്തിനും ലഷ്കര്‍ ഇ തയ്ബയുടേയും പാകിസ്ഥാന് സൈന്യത്തിന്റേയും ഭീഷണിയുണ്ടെന്നും യാക്കൂബ് അറിയിച്ചു. ഇന്ത്യയിലെ വിവിധ മാധ്യമങ്ങളോടാണ് യാക്കൂബ് ഇക്കാര്യം അറിയിച്ചത്.
നിങ്ങൾ ഇന്ത്യയിൽ നിന്നാണ് വിളിക്കുന്നത്. ഞങ്ങൾ കൊല്ലപ്പെടും, അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെ ഫൈസലാബാദ് പ്രദേശത്തുള്ളവര്‍ സംസാരിക്കുന്ന പഞ്ചാബിയിലാണ് യാക്കൂബ് സംസാരിച്ചത്. തന്നെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍ക്കു നവീദ് നല്കിയ നമ്പരില്‍ നിന്നാണ് പിതാവിനെ ബന്ധപ്പെട്ടത്. താന്‍ പാക്ക് പൗരനാണെന്നതിനു കൂടുതല്‍ വിവരങ്ങള്‍ നവീദ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
സഹോദരൻ മുഹമ്മദ് നദീം, ബന്ധുവും സഹോദരീഭർത്താവുമായ മുഹമ്മദ് താഹിർ എന്നിവരുടെ നമ്പരും നൽകിയിട്ടുണ്ട്. പിടിയിലായ ഉടനെ തന്റെ സഹോദരങ്ങളിലൊരാൾ ഫൈസലാബാദിലെ സർക്കാർ കോളജിൽ പഠിപ്പിക്കുന്നുണ്ടെന്ന് നവീദ് പറഞ്ഞിരുന്നു. കൂടാതെ, ഒരാൾ വസ്ത്രനിർമാണശാല നടത്തുന്നു.
കൗമാരക്കാരന്റെ രൂപഭാവങ്ങളുള്ള നവേദ്, കടുത്ത മാനസികാവസ്ഥയിലുള്ളയാളാണെന്നാണ് ചോദ്യംചെയ്യലില്‍ വ്യക്തമാകുന്നതെന്ന് ബി.എസ്.എഫ്. വൃത്തങ്ങള്‍ പറഞ്ഞു. ഐ. ജി. സഞ്ജീവ് കുമാര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള എന്‍.ഐ.എ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇന്ത്യയിലേക്ക് കടന്നത് വടക്കന്‍ കശ്മീരിലെ ബാരാമുള്ളയിലൂടെ അതിര്‍ത്തി വേലി മുറിച്ചാണ് ഇന്ത്യയില്‍ പ്രവേശിച്ചതെന്നും നവേദ് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം മുഹമ്മദ് നവീദ് പാകിസ്താന്കാരനല്ലെന്നാണ് പാക് വാദം. ദേശീയ റജിസ്റ്ററിൽ നവീദിന്റെ പേരോ മറ്റുവിവരങ്ങളോ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. 2008ൽ മുംബൈ ഭീകരാക്രമണക്കേസിൽ പിടിയിലായ അജ്മൽ കസബിന്റെ പൗരത്വവും പാക്കിസ്ഥാൻ നിഷേധിച്ചിരുന്നു.