ചെന്നൈ|
jibin|
Last Updated:
ചൊവ്വ, 7 ഓഗസ്റ്റ് 2018 (19:33 IST)
അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയെ സന്ദര്‍ശിച്ച ഭാര്യ ദയാലു അമ്മാള്‍ മടങ്ങിയത് കണ്ണീരണിഞ്ഞ്. കലൈഞ്ജറുടെ ആരോഗ്യനില തീര്‍ത്തും വഷളായതിനെ തുടര്‍ന്നാണ് അവരെ കാവേരി ആശുപത്രിയില്‍ എത്തിച്ചത്.
കരുണാനിധി ആശുപത്രിയിലായ ശേഷം ആദ്യമായിട്ടാണ് ദയാലു അമ്മാള്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ കാണുന്നത്. വീൽ ചെയറിലാണ് അവര്‍ ആശുപത്രിയില്‍ എത്തിയത്. മരണ വിവരം പുറത്തുവിടുന്നതിന് ഏതാനം മിനിറ്റ് മുമ്പാണ് അവര്‍ ആശുപത്രിയില്‍ നിന്ന് പോയത്.
മരണസമയത്ത് മക്കളായ എംകെ സ്റ്റാലിന്‍, കനിമൊഴി തുടങ്ങിയവരും പ്രധാനപ്പെട്ട ഡിഎംകെ നേതാക്കളും കാവേരി ആശുപത്രിയില്‍ ഉണ്ടായിരുന്നു.
അതേസമയം, കാവേരി ആശുപത്രിക്ക് സമീപവും ചെന്നൈ നഗരത്തിലും ശക്തമായ സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആശുപത്രി പരിസരത്ത് മാത്രം അറുനൂറോളം പൊലീസുകാരെ വിന്യസിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ 1200 പൊലീസുകാരെ സജ്ജമാക്കി. സമീപ ജില്ലകളിൽ നിന്നു കൂടുതൽ പൊലീസുകാരെ ചെന്നൈയിലെത്തിക്കുകയാണ്. സ്ത്രീകളടക്കം നുറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ദിവസങ്ങളായി ആശുപത്രി പരിസരത്ത് തുടരുന്നതാണ് പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്.