രേണുക വേണു|
Last Modified വെള്ളി, 21 മാര്‍ച്ച് 2025 (09:11 IST)
മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ ശമ്പളം 100 ശതമാനം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. കര്‍ണാടക മിനിസ്റ്റേഴ്‌സ് സാലറീസ് ആന്റ് അലവന്‍സ് ബില്‍ 2025, കര്‍ണാടക ലെജിസ്ലേച്ചര്‍ മെമ്പേഴ്‌സ് സാലറീസ്, പെന്‍ഷന്‍സ് ആന്റ് അലവന്‍സ് ബില്‍ 2025 എന്നിവയില്‍ ഭേദഗതി കൊണ്ടുവരാനാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിര്‍ദേശം.
ഭേദഗതി ബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിച്ച ശേഷം അംഗീകാരം ലഭിക്കുന്നതോടെ ശമ്പള വര്‍ധന പ്രാബല്യത്തില്‍ വരും. ജീവിത ചെലവുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ജനപ്രതിനിധികള്‍ക്കു ജീവിച്ചുപോകാന്‍ വലിയ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശമ്പള വര്‍ധന നിര്‍ദേശം സിദ്ധരാമയ്യ മുന്നോട്ടുവെച്ചത്.
നിലവില്‍ എംഎല്‍എമാര്‍ക്ക് അലവന്‍സുകള്‍ അടക്കം മൂന്ന് ലക്ഷത്തോളം രൂപ മാസവരുമാനം ഉണ്ട്. പുതിയ ശമ്പള വര്‍ധനയോടെ ഇത് അഞ്ച് ലക്ഷം കടക്കും. സ്പീക്കര്‍ - 75,000 രൂപ മുതല്‍ 1,25,000 രൂപ വരെ, മുഖ്യമന്ത്രി - 75,000 രൂപ മുതല്‍ 1,50,000 രൂപ വരെ, പ്രതിപക്ഷ നേതാവ് - 60,000 രൂപ മുതല്‍ 70,000 രൂപ വരെ, ചീഫ് വിപ്പ് - 50,000 രൂപ മുതല്‍ 70,000 രൂപ വരെ, എംഎല്‍എ, എംഎല്‍സിമാര്‍ - 40,000 രൂപ മുതല്‍ 80,000 രൂപ വരെ എന്നിങ്ങനെയാകും അടിസ്ഥാന ശമ്പളത്തില്‍ വരുന്ന മാറ്റം.