കേരളത്തിനു വേണ്ടി സംസാരിച്ച് കനിമൊഴി, പരിഹസിച്ച് സുരേഷ് ഗോപി; തൃശൂര്‍ എംപിക്കു കണക്കിനു കിട്ടി (വീഡിയോ)

' ഞങ്ങള്‍ക്കു മാത്രമല്ല സാര്‍, തൊട്ടടുത്ത് കിടക്കുന്ന കേരളവും ഇതേ പ്രശ്‌നം നേരിടുന്നുണ്ട്,' എന്നാണ് കനിമൊഴി സഭയില്‍ പ്രസംഗിച്ചത്

Kanimozhi and Suresh Gopi
രേണുക വേണു| Last Modified വെള്ളി, 13 ഡിസം‌ബര്‍ 2024 (20:50 IST)
and Suresh Gopi

കേന്ദ്ര സര്‍ക്കാര്‍ ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നടത്തുന്ന സാമ്പത്തിക ഉപരോധത്തില്‍ ശക്തമായി പ്രതികരിച്ച് തമിഴ്‌നാട്ടില്‍ നിന്നുള്ള എംപി കനിമൊഴി. വയനാട് ദുരന്തത്തില്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് കനിമൊഴിയുടെ തീപാറുന്ന പ്രസംഗം. തമിഴ്‌നാടിനെ പോലെ കേരളത്തെയും കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്ന് കനിമൊഴി പറഞ്ഞു. ഈ സമയത്ത് തൃശൂര്‍ എംപി സുരേഷ് ഗോപി കനിമൊഴിയെ പരിഹസിക്കുന്ന തരത്തില്‍ ആംഗ്യം കാണിച്ചു.

' ഞങ്ങള്‍ക്കു മാത്രമല്ല സാര്‍, തൊട്ടടുത്ത് കിടക്കുന്ന കേരളവും ഇതേ പ്രശ്‌നം നേരിടുന്നുണ്ട്,' എന്നാണ് കനിമൊഴി സഭയില്‍ പ്രസംഗിച്ചത്. ഈ സമയത്ത് കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ഏക ലോക്‌സഭാംഗമായ സുരേഷ് ഗോപി കനിമൊഴിയെ നോക്കി കൈ മലര്‍ത്തുന്ന ആംഗ്യം കാണിക്കുകയും പരിഹസിക്കുകയും ചെയ്തു. സുരേഷ് ഗോപിയുടെ പരിഹാസത്തിനു അതേ നാണയത്തില്‍ തന്നെ കനിമൊഴി മറുപടി നല്‍കുകയും ചെയ്തു.


' അതെ സാര്‍, നിങ്ങളിപ്പോള്‍ രണ്ട് കൈയും മലര്‍ത്തി കാണിച്ചില്ലേ..ഇതുപോലെ കേന്ദ്ര സര്‍ക്കാരും നമ്മളെ നോക്കി കൈ മലര്‍ത്തുകയാണ്,' കനിമൊഴി പറഞ്ഞു. സുരേഷ് ഗോപിക്ക് വായടപ്പിക്കുന്ന മറുപടി നല്‍കിയ കനിമൊഴിയെ വലിയ കരഘോഷത്തോടെയാണ് പ്രതിപക്ഷ എംപിമാര്‍ പ്രശംസിച്ചത്. കനിമൊഴിയുടെ മറുപടിയില്‍ സുരേഷ് ഗോപിയും നിശബ്ദനായി. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :