കനയ്യയ്‌ക്ക് ജാമ്യമില്ല; ഹൈക്കോടതിയെ സമീപിക്കാം, സുരക്ഷയൊരുക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി

കനയ്യ കുമാര്‍ , സുപ്രീംകോടതി , ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 19 ഫെബ്രുവരി 2016 (11:59 IST)
രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഡല്‍ഹി പോലീസ് അറസ്റ് ചെയ്ത ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനു ജാമ്യം നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ജാമ്യത്തിനായി കനയ്യയ്‌ക്ക്
ഹൈക്കോടതിയെ സമീപിക്കാമെന്നും നേരിട്ട് കേസ് പരിഗണിക്കുന്നത് നല്ല കീഴ്വഴക്കമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

കനയ്യയുടെ അഭിഭാഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സുരക്ഷ ഒരുക്കണം. ഡല്‍ഹി പൊലീസ് ഈ കാര്യത്തില്‍ ശ്രദ്ധിക്കണം. എല്ലാ കോടതികളിലും സുരക്ഷാപ്രശ്‌നമുണ്ടെന്ന വാദം അംഗികരിക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

തനിക്കെതിരേ ചുമത്തിയിരിക്കുന്ന രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്നും
തനിക്കു ഭീഷണിയുണ്ടെന്നും പട്യാല ഹൌസ് കോടതിയില്‍ രണ്ടു ദിവസവും ആക്രമണം നേരിട്ടതിനാല്‍ അവിടെനിന്നു നീതി ലഭിക്കുമെന്ന് ഉറപ്പില്ലെന്നും ഹര്‍ജിയില്‍ കനയ്യ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും കോടതി ജാമ്യം നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കനയ്യ കുമാര്‍ ജാമ്യത്തിനായി ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കും.

അതേസമയം, കഴിഞ്ഞ ദിവസം പട്യാല ഹൗസ് കോടതിയില്‍ വെച്ച് കനയ്യ കുമാറിന് മര്‍ദ്ദനമേറ്റിരുന്നതായി വ്യക്തമാക്കുന്ന
മെഡിക്കല്‍ റിപ്പോർട്ട് പുറത്തുവന്നു. മര്‍ദനം ഏറ്റിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ നിയോഗിച്ച മെഡിക്കല്‍ സംഘമാണ് കനയ്യകുമാറിന്‍റെ ഇടതുകാലിലും മൂക്കിന് മുകള്‍ ഭാഗത്തും ക്ഷതമേറ്റതായി സ്ഥിരീകരിച്ചത്.

കനയ്യകുമാറിന് മര്‍ദനമേറ്റിട്ടില്ല
എന്നായിരുന്നു ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസ്സിയുടെ വാദം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായി സേവനം ചെയ്യുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയ ബസ്സിയുടെ അഭിപ്രായത്തിന് കടകവിരുദ്ധമാണ്
മെഡിക്കൽ സംഘത്തിന്‍റെ റിപ്പോർട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :