കങ്കണ പെട്ടു; താരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിക്കാന്‍ കാരണം ഇതാണ്

നെല്‍വിന്‍ വില്‍സണ്‍| Last Modified ചൊവ്വ, 4 മെയ് 2021 (15:57 IST)

നടി കങ്കണ റനൗട്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തു. തുടര്‍ച്ചയായി വിദ്വേഷ പോസ്റ്റുകള്‍ ഇട്ടതിനാണ് ട്വിറ്ററിന്റെ നടപടി. ബംഗാള്‍ തിരഞ്ഞെടുപ്പിനു ശേഷമുള്ള സംഭവങ്ങളെ കുറിച്ച് വിദ്വേഷമുളവാക്കുന്ന രീതിയില്‍ താരം ട്വിറ്ററില്‍ പോസ്റ്റിട്ടിരുന്നു. ഇത് സ്പര്‍ദ്ധ ഉളവാക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ആണെന്ന് ട്വിറ്റര്‍ വിലയിരുത്തി.

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച വിജയമാണ് സ്വന്തമാക്കിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ സംസ്ഥാനത്ത് പലയിടത്തായി സംഘര്‍ഷങ്ങളുണ്ടായി. ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. ഈ ആക്രമണങ്ങള്‍ക്കെല്ലാം പിന്നില്‍ മമതയും തൃണമൂലും ആണെന്ന് ബിജെപി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ട്വിറ്ററിലൂടെ കലാപത്തിനു ആഹ്വാനം ചെയ്യുന്ന തരത്തില്‍ കങ്കണ പോസ്റ്റിട്ടത്. 2000 ത്തില്‍ ഗുജറാത്തില്‍ കാണിച്ചതുപോലെ മോദി തന്റെ വിശ്വരൂപം പുറത്തെടുത്ത് ബംഗാളില്‍ മമതയെ മെരുക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് താരത്തിന്റെ ട്വീറ്റ്. ഗുജറാത്ത് കലാപം ബംഗാളില്‍ ആവര്‍ത്തിക്കണമെന്ന് പരോക്ഷമായി പറഞ്ഞുവയ്ക്കുകയാണ് താരം. ഈ പോസ്റ്റ് വിദ്വേഷം പരത്തുന്നതാണെന്ന് ട്വിറ്റര്‍ വിലയിരുത്തി. ഇതേ തുടര്‍ന്നാണ് താരത്തിന്റെ അക്കൗണ്ട് അനിശ്ചിത കാലത്തേയ്ക്ക് പൂട്ടിച്ചത്.

ട്വിറ്ററിനെതിരെ കങ്കണ രംഗത്തെത്തി. അക്കൗണ്ട് പൂട്ടിച്ചത് ജനാധിപത്യവിരുദ്ധമാണെന്ന് താരം പറഞ്ഞു. അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവയ്ക്കാന്‍ സിനിമ പോലെയുള്ള സാധ്യതകള്‍ തനിക്ക് മുന്നിലുണ്ടെന്നും ഇതുകൊണ്ടൊന്നും ഭയപ്പെടില്ലെന്നും കങ്കണ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :