കലാഷ്‌നിക്കോവ് ഇന്ത്യയില്‍ ആയുധ നിര്‍മ്മാണത്തിന് തയ്യാറെടുക്കുന്നു

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 12 നവം‌ബര്‍ 2015 (13:00 IST)
ലോകത്തെ ഏറ്റവും വലിയ തോക്കു നിര്‍മാതാക്കളായ കലാഷ്‌നിക്കോവ്, ഇന്ത്യയില്‍ ആയുധ നിര്‍മ്മാണത്തിന് തയ്യാറെടുക്കുന്നു. എകെ 47, 56 തോക്കുകള്‍ നിര്‍മ്മിക്കുന്നതിനു പുറമെ ഇവയുടെ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാനും കലാനിഷ്കോവ് കമ്പനി സന്നദ്ധത പ്രകടിപ്പിച്ചു കഴിഞ്ഞു.

2008 മുതല്‍ തന്നെ ഇന്ത്യയിലെ വിവിധ കമ്പനികള്‍ കലാഷ്‌നിക്കോവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ ഫലപ്രദമായ ചര്‍ച്ചകള്‍ ആരംഭിച്ചത് ഈ വര്‍ഷമാദ്യം മുതലാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയവുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. കമ്പനികള്‍ക്ക് കലാഷ്‌നിക്കോവ് തോക്കുകളുടെ നിര്‍മാണം ആരംഭിക്കാനുളള ലൈസന്‍സ് കിട്ടിയ ശേഷമാകും ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ ആരംഭിക്കുക.

ലോകത്തെ ഏറ്റവും മികച്ച തോക്കായാണ് കലാഷ്‌നിക്കോവ് തോക്കുകള്‍ അറിയപ്പെടുന്നത്. എകെ 47, എകെ 56 തോക്കുകള്‍ ഉപയോഗിക്കാത്ത രാജ്യങ്ങളോ ഭീകര സംഘടനകളോ ഇല്ല.
രണ്ടാം ലോകമഹായുദ്ധകാലത്ത് മൈക്കല്‍ കലാഷ്‌നിക്കോവ് എന്ന റഷ്യന്‍ സൈനികനാണ് ആധുനിക യുദ്ധ സാഹചര്യത്തിന് അനുയോജ്യമായ തോക്ക് രൂപകല്‍പന ചെയ്തത്.

ഉയര്‍ന്ന താപനിലയിലും വെളളത്തിനടിയിലും ഒരു പോലെ ഫലപ്രദമായ തോക്ക് എന്ന നിലയ്ക്ക് എകെ 47, എകെ 56 തോക്കുകളുടെ നിര്‍മാണം ഇന്ത്യുടെ പ്രതിരോധ ശേഷിക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.

വര്‍ഷം തോറും ആയുധശേഷി പരിഷ്‌കരണത്തിനും നവീകരണത്തിനും ചെലവാക്കുന്ന കോടിക്കണക്കിന് രൂപ രാജ്യത്തിന് ലാഭിക്കാം. ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നതിനാല്‍ ആയുധം പുറത്തു നിന്ന് എത്തിക്കുമ്പോഴുളള ഇടനിലക്കാരുടെ സാന്നിദ്ധ്യവും ഇല്ലാതാകുമെന്നും വിലയിരുത്തപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :