രാജ്യത്ത് ജങ്ക് ഫുഡുകള്‍ക്ക് നിരോധനം വരുന്നു

ന്യൂ‌‌ഡല്‍ഹി| Last Modified വെള്ളി, 6 ജൂണ്‍ 2014 (08:15 IST)
സ്കൂള്‍ കുട്ടികള്‍ക്ക് പോഷകാഹാര ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തേ സ്കൂളുകളില്‍ ജങ്ക് ഫുഡുകള്‍ നിരോധിക്കാനുള്ള നടപടികളുമായി വനിതാ-ശിശു ക്ഷേമ മന്ത്രാലയം മുന്നോട്ടുപോകുന്നു.

ജങ്ക് ഫുഡുകളുടെ ദോഷവശങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കാനും ഇതോടൊപ്പം ഈ ഉദ്യമം ലക്ഷ്യമിടുന്നുണ്ട്. ഗുണമേന്മയുള്ളതും സുരക്ഷിതത്വവുമുള്ള ഭക്ഷണം സ്കൂള്‍ ക്യാന്റീനുകളില്‍ ലഭ്യമാക്കുക എന്ന ല്‍ക്ഷ്യത്തോടെ സ്കൂളുകളിലെ ക്യാന്റീനുകളിലും മറ്റും ഇത്തരത്തിലുള്ള ജങ്ക് ഫുഡുകള്‍ നിരോധിക്കാനാണ് തീരുമാനം.

വനിതാ-ശിശു ക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധിയാണ് ഇത്തരമൊരു തീരുമാനവുമായി രംഗത്തെത്തിയിട്ടുള്ളത്. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ഫുഡ് സേഫ്റ്റി ആന്റ് സെക്യൂരിറ്റി ഓഫ് ഇന്ത്യയും ഈ പദ്ധതിക്ക് ആവശ്യമായ ചട്ടങ്ങള്‍ നിര്‍മ്മിക്കാനുള്ള തിരക്കിലാണ്.

പദ്ധതി സംബന്ധിച്ച് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയവുമായി മനേകാ ഗാന്ധി ചര്‍ച്ച നടത്തും. നേരത്തേ ഡല്‍ഹി ഹൈക്കോടതിയില്‍ എത്തിയ പൊതു താല്‍പ്പര്യ ഹര്‍ജിയുടെ ചുവടുപിടിച്ചാണ് മന്ത്രാലയ നീക്കം. രാജ്യത്തെ സ്കൂള്‍ പരിസരങ്ങളില്‍ ജങ്ക് ഫുഡുകളും കോളാ പാനീയങ്ങളും വില്‍പ്പന നടത്തുന്നത് സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതി പഠിച്ചു വരികയാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :