ജതിംഗ: പക്ഷികൾ കൂട്ട ആത്മഹത്യ ചെയ്യുന്ന ഇന്ത്യയിലെ നിഗൂഢ ഗ്രാമം!

അപർണ ഷാ| Last Updated: ബുധന്‍, 23 ഒക്‌ടോബര്‍ 2024 (09:10 IST)
ദേശാടന പക്ഷികളുടെ നിഗൂഢമായ ആത്മഹത്യയാണ് ജതിംഗയെ പ്രശസ്തിയിലേക്കെത്തിച്ചത്. 17 തവണ മുഗളന്മാരെ വിജയകരമായി പരാജയപ്പെടുത്തിയ അഹോം രാജവംശത്തിൻ്റെ ചരിത്രപരമായ പ്രാധാന്യത്തിന് ആഗോളതലത്തിൽ അറിയപ്പെടുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് അസം. ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗവും ആദരണീയമായ കാംരൂപ് കാമാഖ്യ ക്ഷേത്രവുമെല്ലാം നിങ്ങളെ ആശ്ചര്യപ്പെടുത്തും. അസമിനെ ചുറ്റിപ്പറ്റിയുള്ള നിരവധി നിഗൂഢ കഥകളിൽ, പ്രശസ്തിയാർജ്ജിച്ച ഇടമാണ് ജതിംഗ. ഓരോ വർഷവും മൺസൂൺ കാലത്തിൻ്റെ അവസാനത്തിൽ വിശദീകരിക്കാനാകാത്ത സംഭവങ്ങളും നിഗൂഢതകളും ഇവിടെ ഉണ്ടാകുന്നു.

ദിമാ ഹസാവോ ജില്ലയിൽ, ഗുവാഹത്തിയിൽ നിന്ന് 330 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ജതിംഗ, എല്ലാ വർഷവും സെപ്തംബർ മുതൽ നവംബർ വരെ വൈകുന്നേരം 7 മണി മുതൽ 10 മണി വരെ നടക്കുന്ന ഒരു പ്രത്യേക പരിപാടിക്ക് പേരുകേട്ടതാണ്. ഗംഭീരമായ ബോറെയിൽ പർവതങ്ങളാൽ ചുറ്റപ്പെട്ട ഈ ഗ്രാമത്തിൽ വെറും 25,000 ആളുകൾ മാത്രമാണ് താമസിക്കുന്നത്. ലോകത്തിലെ ഏറ്റവും ഭയാനകമായ റൂട്ടുകളിലൊന്നായി കണക്കാക്കപ്പെടുന്ന ട്രെയിൻ യാത്രയും ഈ ജില്ലയിലൂടെ നടത്താം..

ദൂരെ നിന്ന് നോക്കുമ്പോൾ വളരെ ശാന്തമായ അന്തരീക്ഷമാണ് ഈ ഗ്രാമത്തിൽ. എന്നാൽ ഈ ഗ്രാമത്തിന്റെ ശാന്തതയ്ക്ക് പിന്നിൽ പല ഇരുണ്ട കഥകളുമുണ്ട്. ‘മഴയുടെയും വെള്ളത്തിൻ്റെയും പാത’ എന്നർഥമുള്ള ജെമി നാഗ പദമാണ് ജതിംഗ. 1900-കളുടെ തുടക്കം മുതൽ വളരെ വിചിത്രമായ ഒരു പ്രതിഭാസത്തിന് ഈ ഗ്രാമം പ്രശസ്തമാണ്.

ദേശാടന പക്ഷികളുടെ നിഗൂഢമായ ആത്മഹത്യയാണ് ഈ ഗ്രാമത്തിലെ വിചിത്രമായ സംഭവത്തിൽ ഉൾപ്പെടുന്നത്. ഒരു നൂറ്റാണ്ടിലേറെയായി ശാസ്ത്രജ്ഞരെയും പക്ഷിശാസ്ത്രജ്ഞരെയും പ്രദേശത്തുള്ളവരെയും ഒരുപോലെ ആകർഷിച്ച കാര്യമാണിത്. പക്ഷികളുടെ കൂട്ടത്തോടെയുള്ള ആത്മഹത്യ ആദ്യമൊക്കെ ജനങ്ങളെ ഭയപ്പെടുത്തി. മൺസൂൺ കാലത്തിൻ്റെ അവസാനത്തിൽ ഉയർന്ന വേഗതയുള്ള കാറ്റ് പക്ഷികളെ

അസ്വസ്ഥരാക്കുന്നു. വഴിതെറ്റി ഈ പക്ഷികൾ ഒരു അഭയസ്ഥാനമെന്ന നിലയിൽ ലൈറ്റുകൾക്ക് നേരെ പറക്കുന്നു. മുളത്തണ്ടുകളാൽ അടിക്കപ്പെടുന്നു. ഇത് അവരുടെ മരണത്തിനിടയാക്കുന്നു എന്നാണ് പ്രശസ്ത പക്ഷിശാസ്ത്രജ്ഞനായ അൻവറുദ്ദീൻ ചൗധരി പറയുന്നത്.

സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ ഗ്രാമം കനത്ത മൂടൽമഞ്ഞിൽ പൊതിയാറുണ്ട്. ഈ സമയത്ത് പ്രദേശത്തുള്ളതും ഇവിടെയെത്തുന്ന ദേശാടന പക്ഷികളും അസാധാരണമായ രീതിയിൽ പെരുമാറാൻ തുടങ്ങും. Tiger bittern എന്ന ദേശാടന പക്ഷി മുതൽ മരംകൊത്തികൾ വരെ ഇരുണ്ട ആകാശത്ത് നിയന്ത്രണമില്ലാതെ പറക്കാൻ തുടങ്ങും. കണ്ണ് കാണാതെ ഇവയെല്ലാം എവിടെയെങ്കിലും ഒക്കെ പോയി ഇടിക്കും. ഗ്രാമത്തിൻ്റെ 1.5 കിലോമീറ്റർ ഇടുങ്ങിയ ഭാഗത്താണ് ഇത് സംഭവിക്കുന്നത്. ഈ കാരണം കൊണ്ട് ഗ്രാമത്തിന് ‘ബെർമുഡ ട്രയാംഗിൾ ഫോർ ബേർഡ്സ്’ എന്ന പേരും ലഭിച്ചിട്ടുണ്ട്. വൈകിട്ട് ഏഴിനും രാത്രി പത്തിനും ഇടയിലാണ് ഇത് നടക്കാറുള്ളത് എന്നും പറയപ്പെടുന്നു. കൃത്രിമ വെളിച്ചത്തിലേക്ക് ആകർഷിക്കപ്പെടുന്നവയാണ് ഈ പക്ഷികൾ.

അസമിലെ ജലാശയങ്ങളിലെ വെള്ളപ്പൊക്കം പക്ഷികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ തടസ്സപ്പെടുത്തുന്നതാണ് എല്ലാത്തിന്റെയും തുടക്കം. അവയുടെ കൂടുകൾ തകരുമ്പോൾ, കുടിയേറ്റം ഒരു അനിവാര്യതയായി മാറുന്നു. അങ്ങനെയാണ് ജതിംഗ അവരുടെ ദേശാടന പാതയായി മാറുന്നത്.

1900-കളിലെ നാഗാ ജനതയായിരുന്നു ഈ പ്രതിഭാസത്തിന് ആദ്യമായി സാക്ഷ്യം വഹിച്ചത്. അവർക്ക് ഈ അവസ്ഥയെ ഉൾക്കൊള്ളാനായില്ല. ഭയത്തോടെ അവർ ഈ നാട് ഉപേക്ഷിച്ചു. ദുഷ്ടശക്തികൾ ഉണ്ടെന്നായിരുന്നു ഇവർ വിശ്വസിച്ചിരുന്നത്. പിന്നീട് 1905-ൽ ജൈന്തിയ ഗോത്രക്കാർ ഉപേക്ഷിക്കപ്പെട്ട ഈ ഗ്രാമത്തെ കണ്ടെത്തുകയും അവരുടെ വീടാക്കി മാറ്റുകയും ചെയ്തു. വിചിത്രസംഭവത്തിന് അവരും സാക്ഷികളായെങ്കിലും അവർ ഭയന്നോടിയില്ല.

ഈ പക്ഷികൾ മരിക്കുന്നത് അവർക്ക് അവയുടെ മാംസം കഴിക്കാനും ഇതിലൂടെ പ്രയാസകരമായ സാഹചര്യങ്ങളിൽ തങ്ങൾക്ക് താങ്ങാകാനും കഴിയുമെന്ന് ജൈന്തിയ ഗോത്രക്കാർ കരുതിപ്പോന്നു. ചുരുക്കി പറഞ്ഞാൽ, വളരെ പ്രാക്ടിക്കൽ ആയ ഒരു തീരുമാനം. പ്രാദേശിക അന്ധവിശ്വാസങ്ങൾ നിഗൂഢമായ പക്ഷി ആത്മഹത്യകൾക്ക് കാരണം ദുരാത്മാക്കളാണെന്ന് പറഞ്ഞ് പരത്തി.

1960-കളിൽ അന്തരിച്ച പ്രകൃതിശാസ്ത്രജ്ഞനായ ഇ.പി. ഗീ, പ്രശസ്ത പക്ഷിശാസ്ത്രജ്ഞർക്കൊപ്പം ജതിംഗ സന്ദർശിച്ചപ്പോൾ ഈ പ്രതിഭാസം ആഗോള ശ്രദ്ധ നേടി.
പക്ഷിശാസ്ത്രജ്ഞരും സംരക്ഷകരും നടത്തിയ ശ്രമങ്ങൾ ഈ വിശ്വാസങ്ങളെ ഇല്ലാതാക്കുന്നതിൽ വിജയിച്ചു. ചന്ദ്രനില്ലാത്ത രാത്രികളിൽ പ്രത്യേക കാലാവസ്ഥയിൽ സമീപത്തെ വീടുകളിൽ നിന്നുള്ള ലൈറ്റുകളും ഫ്ലഡ്‌ലൈറ്റുകളും സ്വാധീനിക്കുന്ന സ്വാഭാവിക സംഭവമായാണ് പക്ഷികളുടെ വരവ് ഇപ്പോൾ മനസ്സിലാക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :