ന്യൂഡൽഹി/ഇസ്‌ലാമാബാദ്|
jibin|
Last Updated:
ശനി, 9 ജനുവരി 2016 (11:47 IST)
ഇന്ത്യയെ ഞെട്ടിച്ച പത്താന്‍കോട്ട് സൈനികത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ പ്രതിരോധ ഏജന്‍സികളെ പരിഹസിച്ച് ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ രംഗത്ത്. പതിമൂന്ന് മിനിറ്റുള്ള വീഡിയോയില്‍ ഭീകരര്‍ എങ്ങനെയാണ് വ്യോമതാവളത്തില്‍ ആക്രമണം നടത്തിയതെന്നും ദൗത്യം വിജയകരമായിരുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്.
ഭീകരാക്രമണത്തില്‍ എത്ര ഭീകരരാണ് പങ്കാളികളായിരിക്കുന്നതെന്ന് വ്യക്തമാക്കാന്‍ ഇന്ത്യക്കായില്ല. ആദ്യം ആറെന്നും പിന്നീട് അഞ്ചെന്നും അതിനുശേഷം നാലെന്നുമാണ് പറഞ്ഞത്. ഭീകരര്‍ മൂന്നു ദിവസത്തോളം ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടിയ ഭീകരര്‍ ദൗത്യത്തിന്‍റെ വിജയമായി. ഇന്ത്യയുടെ ഹെലികോപ്റ്ററുകള്‍ക്കും ടാങ്കുകള്‍ക്കും നേരെ വെടിയുതിര്‍ക്കാന്‍ ഭീകരര്‍ക്കായെന്നും ജെയ്ഷെ മുഹമ്മദ് വ്യക്തമാക്കി.
ഭീകരാക്രമണത്തില്‍ ഇന്ത്യ കൈമാറിയ തെളിവുകള്‍ പാകിസ്ഥാന്‍ സ്വീകരിക്കരുത്. അല്ലാത്തപക്ഷം പാകിസ്ഥാന്‍ ഇന്ത്യയുടെ മുന്നില്‍ മുട്ട് മടക്കുന്നതിന് തുല്ല്യമാണ്. ജിഹാദികളെ തുരത്താനുള്ള സൈനിക നടപടി നീണ്ടത് ഭീകരരുടെ വിജയമാണെന്നും
മസൂദ് അസര്‍ വ്യക്തമാക്കി.
അതേസമയം, സൈനികത്താവളത്തിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ കൈമാറിയ തെളിവുകള്‍ പരിശോധിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാക് പരിശീലനം ലഭിച്ച ഭീകരരാണെന്നാണ് പ്രാഥമിക തെളിവുകളില്‍ നിന്ന് വ്യക്തമാകുന്നത്.
ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പങ്ക് അന്വേഷിക്കണമെന്ന് നവാസ് ഷെരീഫ് പാക് സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരാക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നവാസ് ഷെരീഫ് വിളിച്ച യോഗത്തില്‍ പാകിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവുള്‍പ്പടെ പ്രമുഖര്‍ പങ്കെടുത്തിരുന്നു.
ഈ സാഹചര്യത്തില്‍ ഇന്ത്യ - പാക് സെക്രട്ടറിതല ചര്‍ച്ചയ്ക്കുള്ള തീയതി നീണ്ടുപോകാനോ ചര്‍ച്ച തന്നെ റദ്ദുചെയ്യപ്പെടാനോ സാധ്യത കാണുന്നുണ്ട്. ജനുവരി 15ന് ചര്‍ച്ച നടത്താമെന്നായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ നല്‍കിയ തെളിവുകളില്‍ പാകിസ്ഥാന്‍ സ്വീകരിക്കുന്ന നടപടി പരിശോധിച്ചതിന് ശേഷം മാത്രം ചര്‍ച്ചയുടെ കാര്യം തീരുമാനിക്കാമെന്നാണ് ഇന്ത്യന്‍ നിലപാട്.