റെയ്നാ തോമസ്|
Last Modified ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (09:23 IST)
ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നു. കശ്മീരിലെ സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് മടങ്ങിയതോടെയാണ് വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്ക് രണ്ടു മാസത്തിനുശേഷം പിൻവലിക്കുന്നത്. ഒക്ടോബർ10 വ്യാഴാഴ്ച മുതൽ വിനോദസഞ്ചാരികൾക്ക് കശ്മീരിലേക്ക് വരാമെന്ന് കശ്മീർ ഭരണകൂടം അറിയിച്ചു.
കശ്മീരിലെ സാഹചര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും വിലയിരുത്താൻ ഗവർണറും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും തിങ്കളാഴ്ച അവലോകനയോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഗവർണർ നിർദേശം നൽകിയത്.
ഇത് വ്യാഴാഴ്ച മുതൽ നിലവിൽ വരുമെന്ന് ജമ്മു കശ്മീർ ഭരണകൂടവും അറിയിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുന്നോടിയായി കശ്മീരിൽ നിന്ന് വിനോദസഞ്ചാരികളെ ഒഴിപ്പിച്ചിരുന്നു. വിനോദസഞ്ചാരികൾ കശ്മീർ വിടണമെന്നായിരുന്നു നിർദേശം. ഭീകരാക്രമണ ഭീഷണി ഉൾപ്പെടെ മുൻ നിർത്തി സുരക്ഷാമുൻകരുതലിന്‍റെ ഭാഗമായിട്ടായിരുന്നു നടപടി.