കരുത്തുകാട്ടനുറച്ച് ഐ‌എസ്‌ആര്‍‌ഒ, സ്വന്തം ക്രയോജനിക് എഞ്ചിന്റെ പരീക്ഷണം വിജയം

ന്യൂഡൽഹി| VISHNU N L| Last Modified ചൊവ്വ, 21 ജൂലൈ 2015 (11:41 IST)
തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ശക്തിയേറിയ ക്രയോജനിക് എഞ്ചിൻ ഐഎസ്ആർഒ വിജയകരമായി പരീക്ഷിച്ചു. മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കേന്ദ്രത്തിൽ വച്ച് ജൂലായ് 16 നാണ് പരീക്ഷണം നടന്നത്. 800 സെക്കൻഡ് എഞ്ചിൻ പ്രവർത്തിപ്പിക്കുന്ന ഹോട്ട് ടെസ്റ്റിന്റെ പരീക്ഷണമാണ് വിജയകരമായത്. 27 ടണ്ണിന്റെ പരീക്ഷണമാണ് ഇന്നലെ നടന്നത്.

എഞ്ചിന്റെ പത്താമത്തെ ടെസ്റ്റാണ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്. നാലു ടൺ വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ശക്‌തിയുള്ളതാണു ജിഎസ്എൽവി മാർക്ക് മൂന്ന്. ഇതിന്റെ വിക്ഷേപണവേളയിലെ ക്രയോജനിക് ഘട്ടത്തിനുവേണ്ടിയാണ് ഈ എൻജിൻ ഉപയോഗിക്കുക. കഴിഞ്ഞ ജനുവരി 5 ന് 12.5 ടണിന്റെ പരീക്ഷണം നടന്നിരുന്നു . ഇതോടെ ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ചുള്ള ഉപഗ്രഹ വിക്ഷേപണത്തിന്റെ നിർണായകമായ നാഴികക്കല്ലാണ് കടന്നത്.

ഭാരക്കൂടുതലുള്ള ഉപഗ്രഹവുമായി ലക്ഷ്യസ്ഥാനത്തെത്താൻ എടുക്കുന്ന സമയത്തേക്കാൾ ഇരുപത്തഞ്ച് ശതമാനം കൂടുതൽ നേരം എഞ്ചിൻ പ്രവർത്തിച്ചത് പദ്ധതിയുടെ പൂർണവിജയത്തെക്കുറിച്ച് ശാസ്ത്രജ്ഞന്മാർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ക്രയോജനിക് സാങ്കേതിക വിദ്യ കൈവശമില്ലാതിരുന്നതിനാലാണ് മംഗള്‍‌യാന്‍ ദൌത്യത്തില്‍ ഐ‌എസ്‌ആര്‍‌ഒയ്ക്ക് പി‌എസ്‌എല്‍‌വിയെ ആശ്രയിക്കേണ്ടിവന്നത്.

അന്താരാഷ്ട്ര മിസൈൽ സാങ്കേതിക വിദ്യാ നിയന്ത്രണകരാറിന് വിരുദ്ധമാണെന്നാരോപിച്ച് അമേരിക്ക
സോവിയറ്റ് കമ്പനിക്കും ഐ എസ് ആർ ഒ യ്ക്കും ഉപരോധമേർപ്പെടുത്തിയതോടെയാണ് ഇന്ത്യയ്ക്ക് സാങ്കേതിക വിദ്യ കൈമാറുന്നതിൽ നിന്ന് റഷ്യ പിന്നാക്കം പോയത് . തുടർന്നാണ് തദ്ദേശീയമായി ക്രയോജനിക് സാങ്കേതിക വിദ്യ സ്വന്തമാക്കാൻ ഇന്ത്യ പ്രയത്നം ആരംഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :