ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ടര്‍ ബംഗളുരുവിലുണ്ടെന്ന് വിദേശ മാധ്യമം

ബംഗളൂരു| VISHNU.NL| Last Modified വെള്ളി, 12 ഡിസം‌ബര്‍ 2014 (11:08 IST)
ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ന്റെ ഇന്ത്യയില്‍ റിക്രൂട്ടര്‍ ബംഗളുരു സ്വദേശിയാണെന്ന് വിദേശ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനിലെ 'ചാനല്‍ ഫോര്‍ ന്യൂസാ'ണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 'ഷാമി വിറ്റ്‌നെസ്' എന്നപേരില്‍ ഇയാള്‍ക്ക് ട്വിറ്റര്‍ അക്കൌണ്ട് ഉള്ളതായും അതുവഴി ഇയാള്‍ നിരന്തരം ഐ‌എസ് തീവ്രവാദികളുമായി ആശയ വിനിമയം നടത്തുന്നതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇയാളുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ 17,000ത്തിന് മുകളില്‍ ഫോളോവേര്‍സുള്ളതായും ഇതില്‍ പകുതിയും ഭീകരര്‍ തന്നെയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 'മെഹ്ദി' എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നതെന്നും ഇയാള്‍ ബംഗളുരു സ്വദേശിയായ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇയാ‍ളുമായി സംസാരിച്ചതായി ചാനല്‍ തന്നെ വെളിപ്പെടുത്തുന്നുമുണ്ട്. ഏറ്റവും കൂടുതല്‍ യുവാക്കളെ ഓണ്‍ലൈന്‍വഴി ഭീകര സംഘനടയിലെത്തിക്കുന്നതിന് പിന്നില്‍ ഇയാളാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

സുരക്ഷാ കാരണങ്ങളാല്‍ ബെംഗളൂരു സ്വദേശിയുടെ പൂര്‍ണമായ പേരും വിവരങ്ങളും ചാനല്‍ ഫോര്‍ പുറത്തുവിട്ടിട്ടില്ല. ചാനലിന്റെ വെളിപ്പെടുത്തലിനോട് ഇന്ത്യന്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ 'ഷാമി വിറ്റ്‌നെസ്' എന്നുപേരുള്ള ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി.
ഭീകരരും ഐ എസ് അനുകൂലികളും തമ്മിലുള്ള ആശയവിനിമയത്തിനുള്ള മുഖ്യഉപാധി ആയിരുന്നു ഈ ട്വിറ്റര്‍ അക്കൗണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :