ഐ‌എസില്‍ ചേരാന്‍ പോയ രണ്ട് തമിഴ്നാട്ടുകാര്‍ തുര്‍ക്കിയില്‍ പിടിയില്‍

ചെന്നൈ| VISHNU N L| Last Modified ശനി, 21 നവം‌ബര്‍ 2015 (10:26 IST)
ഇസ്‌ളാമിക്‌ സ്‌റ്റേറ്റ്‌ തീവ്രവാദ സംഘടനയില്‍ ചേരാന്‍ സിറിയയിലേക്ക്‌ പോയ രണ്ട് തമിഴ്നാട്ടുകാര്‍ തുര്‍ക്കിയില്‍ പിടിയിലായി. റോയാപ്പേട്ട സ്വദേശിയായ 23 കാരനായ ഒരു ബികോം ബിരുദധാരിയും സ്‌കൂള്‍ പഠനം ഉപേക്ഷിച്ച കാരൂരില്‍ നിന്നുള്ള ഒരു 22 കാരനുമാണ്‌ പിടിയലായത്‌. ഇവരെ തുര്‍ക്കി ഇന്ത്യയിലേക്ക് തിരിച്ചയച്ചു.

ഇന്ത്യയിലെത്തിയ ഇവര്‍ രഹസ്യാന്വേഷണ സംഘങ്ങളുടെ നിരീക്ഷണത്തിലാണ്. ഓണ്‍ലൈനില്‍ ഒരു അജ്‌ഞാതന്‍ നല്‍കിയ നിര്‍ദേശം അനുസരിച്ച്‌ ദുബായ്‌, തുര്‍ക്കി, മലേഷ്യ എന്നിവിടങ്ങളിലേക്ക്‌ ടൂറിസ്‌റ്റ് വിസയ്‌ക്ക് അപേക്ഷിച്ചു. നേരിട്ട്‌ തുര്‍ക്കിയിലേക്കോ സിറിയയിലേക്കോ പോകുന്നത്‌ സംശയം തോന്നിക്കുമെന്ന്‌ ഭയന്നാണ്‌ ഇങ്ങിനെ ചെയ്‌തത്‌.

മാര്‍ഗ്ഗനിര്‍ദേശം അനുസരിച്ച്‌ കഴിഞ്ഞ ആഗസ്‌റ്റില്‍ ഇരുവരും ബംഗലുരുവില്‍ നിന്നും ദുബായ്‌ക്ക് പറന്നിരുന്നു. ബംഗളൂരുവില്‍ ജോലിക്ക് പോവുകയാണെന്നാണ് ഇവര്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നത്. ഇവിടെ നിന്നും തുര്‍ക്കിയില്‍ എത്തിയ ഇരുവരേയും അവിടെ വെച്ച്‌ സംശയാസ്‌പദമായ സാഹചര്യത്തെ തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം രാത്രിയില്‍ പിടികൂടി.

തുര്‍ക്കിയില്‍ നിന്നും സിറിയയിലേക്ക്‌ നുഴഞ്ഞു കയറാനായിരുന്നു ശ്രമം. ബംഗലുരുവില്‍ നിന്നും ദുബായില്‍ എത്തിയ ഇരുവരും അവിടെ സന്ദര്‍ശകരായ ശേഷം തുര്‍ക്കിക്ക്‌ പോയി. ഏതാനും ദിവസങ്ങള്‍ക്ക്‌ ശേഷം സിറിയന്‍ അതിര്‍ത്തിയിലേക്കും നീങ്ങി. ഇതിനിടയില്‍ ഒരു ചെറിയ ലോഡ്‌ജില്‍ താമസിക്കുമ്പോള്‍ സിറിയയിലേക്ക്‌ പോകുന്നത്‌ എന്തിനാണെന്ന ചോദ്യം ഉയരുകയും വിവരം ലോഡ്‌ജുകാര്‍ തുര്‍ക്കി അധികൃതരെ അറിയിക്കുകയുമായിരുന്നു.

തുര്‍ക്കി ഉദ്യോഗസ്‌ഥരോട്‌ തങ്ങള്‍ മലേഷ്യയ്‌ക്ക് പോകുകയാണെന്നായിരുന്നു ഇവര്‍ അറിയിച്ചത്‌. ചോദ്യം ചെയ്യലില്‍ ഇരുവരും പരസ്‌പര വിരുദ്ധ ആശയങ്ങള്‍ പറഞ്ഞതോടെയാണ്‌ സംശയം ഉയര്‍ന്നത്‌. ഇതോടെ ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് ഐ‌എസ് ബന്ധം തെളിഞ്ഞത്.

ഇന്ത്യയില്‍ എത്തിച്ച ഇവരെ അജ്‌ഞാതകേന്ദ്രത്തില്‍ കൊണ്ടുപോയി പോലീസ്‌ ചോദ്യം ചെയ്‌തു. ലോകം ഇനി കയ്യടക്കാന്‍ പോകുന്നത്‌ ഐഎസ്‌ ആയിരിക്കും എന്ന വിശ്വാസമാണ്‌ ഐഎസില്‍ ചേരുന്നതിന്‌ പ്രചോദനമെന്ന്‌ ഇവരില്‍ ഒരാള്‍ പറഞ്ഞതായിട്ടാണ്‌ സുചന. ഇരുവരേയും കുടുംബാംഗങ്ങള്‍ എത്തിയ ശേഷം അവര്‍ക്കൊപ്പം പറഞ്ഞുവിട്ടു. എന്നിരുന്നാലും ഇരുവരും നിരീക്ഷണത്തിലാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :