കോവാക്സിന്‍ സ്വകാര്യസ്ഥാപനത്തില്‍ മാത്രം നിര്‍മ്മിക്കുന്നതെന്തെന്ന് കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി

ശ്രീനു എസ്| Last Modified ശനി, 8 മെയ് 2021 (16:51 IST)
കോറോണ വൈറസിനെതിരെ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന വാക്സിനായ കോവാക്സിന്‍ എന്തുകൊണ്ടാണ് സ്വകാര്യ സ്ഥാപനത്തില്‍ മാത്രം നിര്‍മ്മിക്കുന്നതെന്ന് കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെയും നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സഹായത്തോടെ നിര്‍മ്മിക്കുന്ന വാക്സിനായ കോവാക്സിന്‍ സ്വകാര്യസ്ഥാപനത്തില്‍ മാത്രം നിര്‍മ്മിക്കുന്നതിനെയാണ് മദ്രാസ് ഹൈക്കോടതി ചോദ്യം ചെയ്തത്.

മാത്രമല്ല കോവിഡ് വാക്സിനായി കേന്ദ്രത്തിന് ചിലവായ തുകയുടെ വിശദീകരണവും കോടതി ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ പ്രോഡക്ട് നിര്‍മ്മാതാക്കളായ ചെങ്കല്‍പേട്ട് ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡില്‍ കോവാക്സിന്‍ ഉല്‍പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പൊതുതാല്‍പര്യഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി കേന്ദ്രത്തോട് ഇതേ പറ്റി ചോദിച്ചത്. നിലവില്‍ ഹൈദരാബാദിലുള്ള ഭാരത് ബയോടെക് ആണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെയും നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സഹായത്തോടെ കോവാക്സിന്‍ നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :